ADVERTISEMENT

മണ്ണുത്തി ∙ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്കു യാക്കോബായ സഭയുടെ തൃശൂർ ഭദ്രാസന ആസ്ഥാനമായ ചുവന്നമണ്ണ് ഗലീലിയൻ സെന്ററിൽ പ്രൗഢ ഗംഭീര സ്വീകരണം. ഇന്നലെ വൈകിട്ടു മൂന്നരയോടെ ഗലീലിയൻ സെന്ററിലെത്തിയ ബാവായെ തൃശൂർ ഭദ്രാസനാധിപൻ ഡോ.കുര്യാക്കോസ് മാർ ക്ലിമ്മീസ് കാപ്പ അണിയിച്ചു സ്വീകരിച്ചു. തുടർന്നു തുറന്ന വാഹനത്തിൽ യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനൊപ്പം അദ്ദേഹം സ്വീകരണ വേദിയിലെത്തി.

യാക്കോബായ സഭയുടെ തൃശൂർ ഭദ്രാസന ആസ്ഥാനമായ ചുവന്ന മണ്ണ് ഗലീലിയൻ സെൻ്ററിൽ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പാത്രിയർക്കീസ് ബാവയുമായി സൗഹൃദ സംഭാഷണത്തിൽ.  
                                 ചിത്രം: മനോരമ
യാക്കോബായ സഭയുടെ തൃശൂർ ഭദ്രാസന ആസ്ഥാനമായ ചുവന്ന മണ്ണ് ഗലീലിയൻ സെൻ്ററിൽ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പാത്രിയർക്കീസ് ബാവയുമായി സൗഹൃദ സംഭാഷണത്തിൽ. ചിത്രം: മനോരമ

ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വൈദികർ, വനിതാസമാജം അംഗങ്ങൾ, സൺഡേസ്കൂൾ വിദ്യാർഥികൾ, ശുശ്രൂഷകർ തുടങ്ങിയവർ ഇരുവശത്തും പാത്രിയർക്കാ പതാകകളുമായി അണിനിരന്നു. എൻസിസിയുടെ ഗാർഡ് ഓഫ് ഓണറും സ്കൗട്ടിന്റെ ബാൻഡ് മേളവും അകമ്പടിയായി. തുടർന്നു നടന്ന സ്വീകരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സമൂഹം എല്ലാക്കാലത്തും പ്രതിസന്ധികളിലൂടെയാണു കടന്നു പോയിട്ടുള്ളതെന്നും ഇന്നും രാജ്യത്തെ ക്രൈസ്തവരും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. 

  ഈ പ്രതിസന്ധി കാലം മറികടക്കാൻ ‘ഭയപ്പെടേണ്ട ഞാൻ നിങ്ങളോടു കൂടിയുണ്ട്’ എന്ന ദൈവ വചനത്തിലുള്ള ആത്മവിശ്വാസമുണ്ടാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു. യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് അധ്യക്ഷനായിരുന്നു. ഗലീലിയൻ സെന്ററിൽ നിർമിക്കുന്ന സെന്റ് ജോസഫ്സ് യാക്കോബായ പള്ളിയുടെ ശിലാസ്ഥാപനം പാത്രിയർക്കീസ് ബാവാ നിർവഹിച്ചു.

അങ്കമാലി ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സേവേറിയോസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്, യെൽദോ മാർ തീത്തോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഏലിയാസ് മാർ യൂലിയോസ്, പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിമാരായ മാർക്കോസ് മാർ ക്രിസ്റ്റഫോറസ്, കൗരി മാർ ഔഗേൻ, ഭദ്രാസന സെക്രട്ടറി ഫാ.ജയ്സൺ ജോൺ, കൽദായ സഭ ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, മേയർ എം.കെ. വർഗീസ് എന്നിവരും വിവിധ കോറെപ്പിസ്കോപ്പമാരും വൈദികരും പങ്കെടുത്തു. 

തൃശൂർ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ ചടങ്ങിനെത്തിയിരുന്നു. തൃശൂർ ഭദ്രാസനം, ക്ലർജി അസോസിയേഷൻ, മാർത്ത മറിയം വനിതാ സമാജം, സൺഡേ സ്കൂൾ അസോസിയേഷൻ, യുവജന സംഘടന, സഭാ മാനേജിങ് കമ്മിറ്റി തുടങ്ങിയവയുടെ ഉപഹാരങ്ങൾ പാത്രിയർക്കീസ് ബാവായ്ക്കു സമ്മാനിച്ചു. തൃശൂരിലെ 2 ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ബാവാ തുടർന്ന് എറണാകുളത്തേക്കു തിരിച്ചു.

സമാധാനം പുലരട്ടെ: പാത്രിയർക്കീസ് ബാവാ
സഭയുടെ കേരളത്തിലെ ദേവാലയങ്ങൾ നഷ്ടപ്പെട്ടവരുടെ വേദനയ്ക്കൊപ്പമാണെന്നും നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ സ്വീകരണച്ചടങ്ങിലെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. തർക്കത്തിലുള്ള ഇരു വിഭാഗങ്ങൾക്കുമിടയിൽ സമാധാനം പുലരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘എത്ര പള്ളികൾ നഷ്ടപ്പെട്ടാലും നമ്മൾ പുതിയതു നിർമിക്കും.

എന്നാൽ പ്രധാനം ദൈവത്തിന്റെ ആലയങ്ങളായ സഭാ വിശ്വാസികളാണ്. എന്റെ സന്ദർശനത്തിന്റെ ഭാഗമായി കർണാടകയിലും കേരളത്തിലും ഉൾപ്പെടെ 4 പുതിയ പള്ളികൾ കൂദാശ ചെയ്തു. വിഭാഗീയതകൾക്കിടയിലും സമാധാനം പുലരാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണം’’–പാത്രിയർക്കീസ് ബാവാ പറഞ്ഞു. ലോകത്തു വിവിധ പ്രദേശങ്ങളിൽ യുദ്ധക്കെടുതി തുടരുമ്പോഴും സമാധാനവും പൈതൃകവും ഏറെയുള്ള ഇന്ത്യ കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com