ADVERTISEMENT

ഇരിങ്ങാലക്കുട∙ തൃശൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മരണപ്പാച്ചിൽ. വെള്ളാങ്ങല്ലൂരിൽ ബസിടിച്ച് സ്കൂട്ടർ യാത്രികന് പരുക്കേറ്റു. വെള്ളാങ്ങല്ലൂർ പിടിആർ ഹാളിനു സമീപത്തു വച്ചാണ് അമിത വേഗത്തിലെത്തിയ എംഎസ് മേനോൻ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഈസ്റ്റ് കോമ്പാറ സ്വദേശി ചെറിയാടൻ ജോളി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. എതിരെ വന്ന ആംബുലൻസിനു വഴി കൊടുക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. കൈക്കുഴ തെറ്റിയ ജോളി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ ഉച്ചയോടെ ചന്തക്കുന്ന് ജംക്‌ഷൻ കഴിഞ്ഞുള്ള ഭാഗത്ത് അയ്യപ്പാസ് ബസ് അമിത വേഗത്തിൽ പാഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തുടർച്ചയായി ഹോൺ മുഴക്കിയും എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾക്ക് വഴി കൊടുക്കാതെയുമായിരുന്നു പാച്ചിൽ.നടവരമ്പു മുതൽ ബസ് അമിത വേഗത്തിലായിരുന്നെന്ന് യാത്രികർ പറഞ്ഞു. ചന്തക്കുന്ന് ഭാഗത്തു വച്ച് ബസ് കാറിൽ തട്ടിയതോടെ ഡ്രൈവർ വാഹനത്തിന്റെ വേഗം കുറച്ചു. ഇതോടെ പിറകെ വന്ന വാഹന യാത്രികരും സമീപവാസികളും ചേർന്ന് ബസ് തടഞ്ഞു നിർത്തുകയായിരുന്നു. തർക്കത്തിനിടെ ഇരിങ്ങാലക്കുട പൊലീസെത്തി ബസ് കസ്റ്റഡിയിൽ എടുത്തു. 

ബസിന്റെ മരണപ്പാച്ചിലിൽ ചന്തക്കുന്നു ഠാണാ ജംക്ഷനിൽ ഒരു മണിക്കൂറോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ടു. കഴിഞ്ഞ ദിവസം തൃശൂർ ഭാഗത്ത് നിന്നും അപകടകരമായ രീതിയിൽ യാത്രക്കാരുമായി വന്ന ലിമിറ്റഡ് സ്റ്റോപ് ബസ് പരാതിയെ തുടർന്ന് കാട്ടുങ്ങച്ചിറയിൽ പൊലീസ് തടഞ്ഞിരുന്നു. തൃശൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ സ്വകാര്യ ബസുകളുടെ വേഗം നിയന്ത്രിക്കാൻ അധികൃതർ നടപടി എടുക്കാത്തതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com