ശ്രീകുരുംബ ക്ഷേത്രം: സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടിയെന്ന് മന്ത്രി

Mail This Article
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ നടപടിയെടുക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിൽ നിർമിക്കുന്ന അക്കമഡേഷൻ സമുച്ചയത്തിന്റെയും മ്യൂസിയം സമുച്ചയത്തിന്റെയും നിർമാണം വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. അക്കമഡേഷൻ സമുച്ചയം 3 വർഷമായിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പ്രതിസന്ധി ഉടൻ പരിഹരിച്ചു നിർമാണം പൂർത്തിയാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ മുസിരിസ് അധികൃതർക്കു മന്ത്രി നിർദേശം നൽകി.
ക്ഷേത്രത്തിനകത്തു വെള്ളം, വെളിച്ചം, റോഡ് സൗകര്യങ്ങൾ ഉറപ്പാക്കും. ഭരണി ഉത്സവം ഈ വർഷം മികച്ച രീതിയിൽ നടത്താനും ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങൾ ഒരുക്കാനും നിർദേശം നൽകി. ഇതിനായി ദേവസ്വം ബോർഡ്, മുസിരിസ്, നഗരസഭ അധികൃതരുടെയും ഉപദേശക സമിതിയുടെയും യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. വി.ആർ.സുനിൽകുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശനൻ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ സി.അനിൽ കുമാർ, ഡപ്യൂട്ടി കമ്മിഷണർ സുനിൽ കർത്താ, കൗൺസിലർ കെ.ആർ.ജൈത്രൻ, ദേവസ്വം അസി. കമ്മിഷണർ എം.ആർ.മിനി, മാനേജർ കെ.വിനോദ് കുമാർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.