റബർതോട്ടത്തിൽ കാട്ടാന ചരിഞ്ഞു; എരണ്ടകെട്ട് ബാധിച്ചെന്നു നിഗമനം
Mail This Article
അതിരപ്പിള്ളി ∙ പ്ലാന്റേഷൻ കോർപറേഷന്റെ റബർ തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ഏരണ്ടകെട്ടു ബാധിച്ചതാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഒൻപതാം ബ്ലോക്കിൽ കക്കയം തോടിനു സമീപത്ത് ഇന്നലെ രാവിലെയാണു തൊഴിലാളികൾ പിടിയാനയുടെ ജഡം കണ്ടത്.ഒരാഴ്ചയായി ആന അവശനിലയിൽ പ്ലാന്റേഷൻ തോട്ടങ്ങളിലൂടെ അലയുന്നതു കണ്ടതായി തൊഴിലാളികൾ വനം വകുപ്പിനെ അറിയിച്ചു. ഏകദേശം 50 വയസ്സുള്ള ആനയുടെ ജഡത്തിന് ഒരു ദിവസം പഴക്കമുള്ളതായി വനം വകുപ്പ് അറിയിച്ചു.
സർക്കാർ സ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷനു കീഴിലെ റബർ, എണ്ണപ്പനത്തോട്ടങ്ങൾ കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. കാട്ടാനകൾ വെള്ളം കുടിക്കാൻ എത്തുന്ന ആനത്താരയിലാണു ജഡം കാണപ്പെട്ടത്. എരണ്ടകെട്ടു രോഗം ബാധിച്ചു തീറ്റയെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആനയെന്നു മലയാറ്റൂർ ഡിവിഷനിലെ വനം വകുപ്പ് വെറ്ററിനറി ഡോക്ടർ ബിനോയ് സി. ബാബു അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ പോസ്റ്റ്മോർട്ടം നടത്തി. വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മി, അതിരപ്പിള്ളി റേഞ്ച് ഓഫിസർ പി.എസ്. നിധിൻ എന്നിവരുടെ സാന്നിധ്യത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി.