വീണ്ടും കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് പരുക്ക്

Mail This Article
പാലപ്പിള്ളി ∙ കുണ്ടായി ഹാരിസൺ എസ്റ്റേറ്റിൽ ടാപ്പിങ്ങിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിക്കു നേരെ കാട്ടാനയുടെ ആക്രമണം. കുണ്ടായി ചൂളയ്ക്കൽ ഭാസ്‌കരന് (64) പരുക്കേറ്റു. ഇന്നലെ രാവിലെ 7നായിരുന്നു സംഭവം. പുഴയിൽ നിന്നു കയറിവന്ന കൊമ്പൻ ടാപ്പിങ് ചെയ്യുകയായിരുന്ന ഭാസ്‌കരനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. തെറിച്ചുവീണ് മരത്തിനോടു ചേർന്നുകിടുന്ന ഭാസ്‌കരനെ ആന വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.
മറ്റു തൊഴിലാളികൾ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞ് പോവുകയായിരുന്നു. തൊഴിലാളികൾ ചേർന്ന് ഭാസ്‌കരനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഈ ആഴ്ച തന്നെ എച്ചിപ്പാറയിലും ടാപ്പിങ് തൊഴിലാളിയെ മറ്റൊരു കാട്ടാന ആക്രമിച്ചിരുന്നു. കാട്ടാനശല്യം രൂക്ഷമായതോടെ ഭയത്തോടെയാണ് തോട്ടം തൊഴിലാളികൾ പണിയെടുക്കുന്നത്. മുൻപെങ്ങും ഇല്ലാത്ത വിധം രൂക്ഷമായാണ് കാട്ടാനകൾ തോട്ടങ്ങളിൽ ഇറങ്ങി വിഹരിക്കുന്നത്.