ADVERTISEMENT

തൃശൂർ ∙ തൃശൂർ ആരെടുക്കുമെന്ന് തീരുമാനമായിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തെ തൃശൂർ ഇങ്ങെടുത്തു. പ്രധാന‌മന്ത്രിയെ ഇറക്കി ബിജെപി കേരളത്തിലെ  പ്രചാരണത്തിനു തൃശൂരിൽ തുടക്കമിട്ടപ്പോൾ എഐസിസി അധ്യക്ഷനെ തന്നെ രംഗത്തിറക്കിയാണ് കോൺഗ്രസിന്റെ നേരിടൽ. എൽഡിഎഫ് മാത്രമാണ് തൃശൂരിൽ ശക്തമായ ഒരു തുടക്കമിടാൻ ബാക്കിയുള്ളത്. ഇരുകൂട്ടരും തൃശൂരിനെ ഈ സമ്മേളനങ്ങൾക്കു തിരഞ്ഞെടുത്തതു വെറുതെയല്ല; തൃശൂരാണ് ഈ തിരഞ്ഞെടുപ്പിലെ ‘തലസ്ഥാനം’ എന്ന് അവർ ഉറപ്പിച്ചുകഴിഞ്ഞു എന്നു വ്യക്തം. 

ജനുവരി 3ന് വനിതാ സമ്മേളനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സർക്കാർ നടത്തിയ ജനക്ഷേമപദ്ധതികളുടെ പ്രചാരണത്തിനാണ് വേദി പ്രധാനമായും ഉപയോഗിച്ചത്. മോദിയുടെ ഗാരന്റി എന്ന് ആവർത്തിച്ചു പറഞ്ഞ അദ്ദേഹം ലക്ഷ്യം വച്ചതും മറ്റൊന്നല്ല. ഇന്നലെ കോൺഗ്രസിന്റെ മഹാജനസഭയിൽ ടി.എൻ.പ്രതാപൻ ആ ഗാരന്റിയെ എതിരിട്ടതും അതു മനസ്സിലാക്കിത്തന്നെയാണ്. 

തൃശൂരിൽ നടന്ന കോൺഗ്രസ് മഹാജനസഭ ഉദ്ഘാടനത്തിന് ശേഷം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുദ്രാവാക്യം ചെ‍ാല്ലിക്കെ‍ാടുക്കുമ്പോൾ നേതാക്കൾ ഏറ്റുചെ‍ാല്ലുന്നു. രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, അൻവർ സാദത്ത് എംഎൽഎ, പ്രതിപക്ഷ നേതാവ് വി.‍ഡി. സതീശൻ, ഷാഫി പറമ്പിൽ എംഎൽഎ, കെ.മുരളീധരൻ എംപി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സനീഷ് കുമാർ ജോസഫ് എംഎൽഎ, ടി.എൻ. പ്രതാപൻ എംപി, വിശ്വനാഥ പെരുമാൾ എന്നിവർ മുൻനിരയിൽ.                  ചിത്രം: മനോരമ
തൃശൂരിൽ നടന്ന കോൺഗ്രസ് മഹാജനസഭ ഉദ്ഘാടനത്തിന് ശേഷം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുദ്രാവാക്യം ചെ‍ാല്ലിക്കെ‍ാടുക്കുമ്പോൾ നേതാക്കൾ ഏറ്റുചെ‍ാല്ലുന്നു. രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, അൻവർ സാദത്ത് എംഎൽഎ, പ്രതിപക്ഷ നേതാവ് വി.‍ഡി. സതീശൻ, ഷാഫി പറമ്പിൽ എംഎൽഎ, കെ.മുരളീധരൻ എംപി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സനീഷ് കുമാർ ജോസഫ് എംഎൽഎ, ടി.എൻ. പ്രതാപൻ എംപി, വിശ്വനാഥ പെരുമാൾ എന്നിവർ മുൻനിരയിൽ. ചിത്രം: മനോരമ

വർഗീയവാദികൾക്ക് വഴങ്ങില്ല എന്നത് തൃശൂരിന്റെ ഗാരന്റിയാണ് എന്നാണ് പ്രതാപൻ പറഞ്ഞത്. തൃശൂരിൽ കുളങ്ങൾ ഏറെയുണ്ടെങ്കിലും താമര വിരിയില്ല എന്ന് മഹാജനസഭയുടെ സ്വാഗതപ്രസംഗത്തിൽ  ടി.യു.രാധാക‍ഷ്ണൻ പറഞ്ഞതും കയ്യടികളോടെ പ്രവർത്തർ ഏറ്റെടുത്തു. 

‍ജനുവരി 3നു പിന്നാലെ 17ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനു പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത് തൃശൂരിനോടുള്ള പ്രത്യേക പരിഗണനയായാണ് ബിജെപി പ്രവർത്തകർ തന്നെ പറഞ്ഞിരുന്നത്. രണ്ടാഴ്ച്ചയ്ക്കിടെ 2 തവണ പ്രധാനമന്ത്രി തൃശൂരിൽ എത്തിയത് എന്തിനെന്ന് അറിയാം എന്ന് കോൺഗ്രസ് നേതാക്കളും ഇന്നലെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. 

തൃശൂരിൽ മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണ് എന്ന് ടി.എൻ.പ്രതാപൻ എംപി പറഞ്ഞത് എൽഡിഎഫ് പാളയത്തെ ചൊടിപ്പിച്ചിരുന്നു. എംപി, ഫീൽഡിൽ ഇല്ലാത്തതിനാലാണ് ഈ പ്രസ്താവന എന്നായിരുന്നു മന്ത്രി കെ.രാജന്റെ പ്രതികരണം. ബിജെപിയും കോൺഗ്രസും സ്ഥാനാർഥികളെ ഏറ‌െക്കുറെ ഉറപ്പിച്ചുകഴിഞ്ഞു എന്നത് തൃശൂരിന്റെ പ്രത്യേകതയാണ്.

പ്രതാപനു വേണ്ടി ചിലയിടങ്ങളിൽ ചുവരെഴുതുകയും അവ പിന്നീട് മായ്ക്കുകയും ചെയ്തിരുന്നു. എൽഡിഎഫ് സ്ഥാനാ‍ർഥിയെ സംബന്ധിച്ചാണ് ഇനി വ്യക്തത വരാനുള്ളത്. 2016ൽ നിയമസഭാ സ്ഥാനാർഥി എന്ന നിലയിൽ വി.എസ്.സുനിൽ കുമാറിനു വേണ്ടി തയാറാക്കിയ പോസ്റ്റർ കഴിഞ്ഞ ദിവസം ഇടതു പ്രവർത്തകരുടെ പ്രൊഫൈലിൽ നിന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും പിന്നീട് ഡീലിറ്റ് ചെയ്യുകയുമുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com