ADVERTISEMENT

കരുവന്നൂർ∙  കരുവന്നൂർ പുഴയുടെ ഭാഗമായ താമരവളയം ചിറയിലെ ചീപ്പുചിറയിലെ താൽക്കാലിക തടയണ നിർമാണം നാട്ടുകാർ തടഞ്ഞു. മന്ത്രി ആർ ബിന്ദു, കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനത്തെ തുടർന്നാണ് തടയണ കെട്ടാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ  ഇന്നലെ രാവിലെ എത്തിയത്. എന്നാൽ സമീപത്ത് ഇഷ്ടിക നിർമാണം നടന്ന പ്രദേശത്ത് നിന്ന് കൃഷി ആവശ്യത്തിനെന്ന പേരിൽ കനാലിലേക്കു വെള്ളം തുറന്ന് വിടുന്നതിനാൽ പലപ്പോഴും കനാലിലെ വെള്ളം മലിനമാകുന്നതായും അതിനാൽ താൽക്കാലിക തടയണ കനാലിന്റെ കുറച്ചു കിഴക്ക് മാറി നിർമിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാർ നിർമാണം തടഞ്ഞത്. 

 തുടർന്ന് ഡപ്യൂട്ടി കലക്ടർ മുഹമ്മദ് ഷെഫിക്കിന്റെ നേതൃത്വത്തിലുള്ള മലിനീകരണ നിയന്ത്രണ ബോർഡ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെട്ട വിദഗ്ധ സമിതി സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.  മേഖലയിലെ രണ്ട് കിണറുകളിലെ  വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു.  വല്ലച്ചിറ പഞ്ചായത്തിന്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും അതിർത്തി പങ്കിടുന്ന ഇവിടെ ഏറെക്കാലമായി  ബണ്ട് നിർമാണമായി ബന്ധപ്പെട്ട് പരാതികൾ ഉന്നയിക്കുന്നു. 

നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് കഴിഞ്ഞ തവണ താൽക്കാലിക തടയണ നിർമിച്ചെങ്കിലും കനത്ത മഴയിൽ തകർന്ന് കനാലിന്റെ  വശങ്ങൾ ഇടിഞ്ഞു. തുടർന്നാണ് കണക്കൻകടവ് പാലത്തിന് സമീപത്തുള്ള സ്ഥിരം ചീപ്പിൽ തന്നെ തടയണ കെട്ടാൻ തീരുമാനമായത്. 

 ഇവിടെ നിർമാണം നടത്തിയാൽ പുഴയിലേക്കു ചാടുമെന്ന് സ്ത്രീകൾ  ഉൾപ്പെടെയുള്ളവർ പറഞ്ഞതോടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ, ഏനമാവ് മേഖലയിലെ കൃഷിക്ക് വെള്ളം എത്തിക്കാനായി ചിമ്മിനി ഡാം തുറന്ന് കരുവന്നൂർ പുഴയിലൂടെ കടത്തി വിടുന്ന വെള്ളം കണക്കൻകടവ് ഭാഗത്തെ ചീപ്പ് തുറന്നതിനാൽ വേണ്ട വിധത്തിൽ  ഏനമാവ് ഭാഗത്തേക്ക് എത്താത്ത സ്ഥിതിയാണ് നിലവിൽ  ഉള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com