11 വിദ്യാർഥികൾക്ക് കെഎസ്ആർടിസിയുടെ സൗജന്യപാസ്
Mail This Article
അതിരപ്പിളളി ∙ വെറ്റിലപ്പാറ ഗവ സ്കൂൾ വിദ്യാർഥികൾക്ക് കെഎസ്ആർടിസി സൗജന്യ യാത്രാ പാസുകൾ നൽകി. യാത്രാ ബുദ്ധിമുട്ട് നേരിട്ടിരുന്ന വാഴച്ചാൽ,പുളിയിലപ്പാറ തുടങ്ങിയ കിഴക്കൻ മേഖലയിലെ 11 വിദ്യാർഥികൾക്കാണ് പാസ് അനുവദിച്ചത്. കോവിഡിനെ തുടർന്ന് സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞതോടെ കെഎസ്ആർടിസി ബസുകളിൽ ഫുൾ ചാർജ് കൊടുത്താണ് കുട്ടികൾ വിദ്യാലയത്തിൽ എത്തിയിരുന്നത്. പഠനം നിലയ്ക്കുന്ന അവസ്ഥയിലാണെന്ന വിവരം ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഗതാഗത വകുപ്പുമന്ത്രിക്കു കത്തു നൽകിയ വിവരം മനോരമ ചാനലിലൂടെ വാർത്തായായിരുന്നു. തുടർന്ന് മന്ത്രിയുടെ ഓഫിസിൽ നിന്നും കെഎസ്ആർടിസിക്കു നിർദേശം നൽകി.
ഇന്നലെ സ്കൂളിൽ നടന്ന ചടങ്ങിൽ കെഎസ്ആർടിസി മധ്യമേഖല എക്സി. ഡയറക്ടർ കെ.ടി.സെബിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ വിദ്യാർഥികൾക്ക് പാസുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക എൻ.എൽ.ലിസി,കെഎസ്ആർടിസി ക്ലസ്റ്റർ ഓഫിസർ ടിഎ ഉബൈദ്,എടിഒ കെ.ജെ.സുനിൽ പഞ്ചായത്തംഗങ്ങളായ കെ.കെ.റിജേഷ്,സനീഷ ഷെമി,അധ്യാപകരായ പി.ആർ.ജ്യോതി,പ്രിൻസിപ്പൽ ഇൻചാർജ് സുജ,കെ.എം.റഷീദ് എന്നിവർ പ്രസംഗിച്ചു.