10 കോടിയുടെ ശക്തി വരണം ശക്തൻ സ്റ്റാൻഡിന്

Mail This Article
തൃശൂർ∙ ദിവസേന ഏകദേശം 900 സിറ്റി, ദീർഘദൂര സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ശക്തൻ ബസ് സ്റ്റാൻഡിനു ശക്തി പേരിൽ മാത്രമേയുള്ളൂ. ഇല്ലായ്മകളിലും അസൗകര്യങ്ങളിലും വലയുകയാണ് ആയിരക്കണക്കിനു യാത്രക്കാർ ദിനവും വന്നുപോകുന്ന ഈ പൊതുഇടം. നഗരഹൃദയത്തിലെ ബസ് സ്റ്റാൻഡിനെ സർക്കാർ അവഗണിക്കുന്നെന്നു പറയരുത്: കഴിഞ്ഞ വർഷം അവതരിപ്പിച്ച ബജറ്റിൽ 50 കോടി രൂപ അനുവദിച്ചിരുന്നു.
ചെലവഴിച്ചത് വെറും പൂജ്യമാണെന്നുമാത്രം! ഇതിനു പുറമേ കോർപറേഷൻ ബജറ്റിൽ അനുവദിച്ച തുകയും സ്റ്റാൻഡിലെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ 10 കോടി രൂപയാണ് ശക്തൻ സ്റ്റാൻഡിനു വകയിരുത്തിയിരിക്കുന്നത്. ഇത്തവണയെങ്കിലും അത്യാവശ്യ വികസനം ഉണ്ടാകുമോ എന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും കച്ചവടക്കാരുമൊക്കെയടങ്ങുന്ന ജനസമൂഹം ചോദിക്കുന്നത്.

ഇതൊക്കെയാണ് ആവശ്യങ്ങൾ (സ്വപ്നപദ്ധതികളൊന്നുമല്ല; അടിയന്തര ആവശ്യങ്ങൾ)
∙പ്ലാറ്റ്ഫോമിലെ പൊട്ടിപ്പൊളിഞ്ഞ തറ ശരിയാക്കുക
∙കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കണം
∙കുടിവെള്ളം ലഭ്യമാക്കണം
∙കൂടുതൽ കംഫർട്ട് സ്റ്റേഷനുകൾ
∙ബസ് ജീവനക്കാർക്ക് കംഫർട്ട് സ്റ്റേഷൻ
സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യം
∙പൂട്ടിക്കിടക്കുന്ന പ്രഥമ ശുശ്രൂഷാ കേന്ദ്രം പ്രവർത്തനം പുനരാരംഭിക്കുക
∙മുലയൂട്ടൽ കേന്ദ്രം സ്ഥാപിക്കണം
∙രാത്രി പട്രോളിങ് നിർബന്ധമാക്കുക
∙സമൂഹവിരുദ്ധരുടെ ശല്യം തടയാൻ ചുറ്റുമതിൽ നിർമിക്കുക
∙രാത്രി ആവശ്യത്തിനു വെളിച്ചം ഉറപ്പാക്കുക
∙പൊട്ടിപ്പൊളിഞ്ഞ തറയിൽ ടൈൽ ഇടുക, റോഡുകൾ ' കോൺക്രീറ്റ് ചെയ്യുക
∙പല സ്ഥലങ്ങളിലേക്കു പോകുന്ന ബസുകൾ
എവിടെയാണ് പാർക്ക് ചെയ്യുന്നതറിയാൻ ദിശാ ബോർഡുകൾ സ്ഥാപിക്കുക
