ADVERTISEMENT

തൃശൂർ ∙ കാടിന്റെ സംരക്ഷണം കാടിന്റെ മക്കളെ ഏൽപ്പിക്കുകയെന്ന വനംവകുപ്പിന്റെ ചരിത്രദൗത്യം യാഥാർഥ്യമാക്കാൻ ആദിവാസി ഗോത്രവിഭാഗങ്ങളിൽപ്പെട്ട 460 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ സേനയിലേക്ക്. പിഎസ്‌സിയുടെ പ്രത്യേക റിക്രൂട്മെന്റ് വഴി നിയമനം നേടിയ ഇവരുടെ പരിശീലനം പൂർത്തിയായി. 11ന് 7.30നു പൊലീസ് അക്കാദമിയിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ മന്ത്രി എ.കെ.ശശീന്ദ്രനിൽനിന്നു സല്യൂട്ട് സ്വീകരിക്കും. 

ആദിവാസി ഗോത്ര വിഭാഗങ്ങളെ മുഖ്യധാരയിലേക്കു നയിക്കാനും വനസംരക്ഷണം സ്വാഭാവികമാക്കാനും വേണ്ടി വനംവകുപ്പ് 500 പേരെയാണു പ്രത്യേക റിക്രൂട്മെന്റ് വഴി പരിശീലനത്തിനു തിരഞ്ഞെടുത്തത്. ഇതിൽ 460 പേർക്കാണു വിജയകരമായി പരിശീലനം പൂർത്തിയാക്കാൻ കഴിഞ്ഞത്. വാളയാറിലെ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 238 പേർക്കും അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 222 പേർക്കും ആദ്യഘട്ട പരിശീലനം നൽകിയശേഷമാണ് അക്കാദമിയിലെത്തിച്ചത്. 

372 പുരുഷന്മാരും 88 വനിതകളും ഉൾപ്പെട്ടതാണു ബാച്ച്. വയനാട്ടിൽനിന്നാണ് ഏറ്റവുമധികം പേർ – 161. പാലക്കാട്ടു നിന്ന് 57, കണ്ണൂരിൽ നിന്നു 44, കാസർകോട്ടു നിന്നു 39 എന്നിങ്ങനെ നീളുന്നു. 9 മാസത്തെ പരിശീലനത്തിൽ 3 മാസം പൊലീസ് പരിശീലനമായിരുന്നു. ബാക്കി സമയം വനപരിശീലനത്തിൽ ഡ്രോൺ നിരീക്ഷണം, പാമ്പുപിടിത്തം, വന്യജീവി പ്രതിരോധം തുടങ്ങി ഫോറസ്ട്രി മാനേജ്മെന്റ് വരെയുള്ള വിഷയങ്ങൾ ഉൾപ്പെട്ടു. വനംവകുപ്പ് മേധാവി ഗംഗാസിങ് പാസിങ് ഔട്ടിൽ അധ്യക്ഷത വഹിക്കും. വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി ഗോത്രവിഭാഗങ്ങളിൽനിന്ന് ഇത്രയേറെപ്പേർ ഉൾപ്പെടുന്ന ബാച്ച് ചരിത്രത്തിലാദ്യമായാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com