വിരുപ്പാക്ക സ്പിന്നിങ് മിൽ; താഴുവീണിട്ട് ഒരു വർഷം
Mail This Article
വടക്കാഞ്ചേരി ∙ പരുത്തി കിട്ടാത്തതിനാൽ വിരുപ്പാക്കയിലെ തൃശൂർ സഹകരണ സ്പിന്നിങ് മിൽ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷമാവുന്നു. 2023 ഫെബ്രുവരി 6ന് മിൽ പൂട്ടുമ്പോൾ അതു താൽക്കാലികമാവും എന്ന് ആശ്വസിച്ച തൊഴിലാളികളും അവരുടെ കുടുംബവും ഇപ്പോൾ പട്ടിണിയിലാണ്. സമരങ്ങളേറെ നടത്തിയെങ്കിലും ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. ബജറ്റിലും മില്ലിനെ രക്ഷിക്കാനുള്ള നിർദേശങ്ങളൊന്നുമില്ല. 5 മില്ലുകളുടെ ചുമതലയുള്ള ടെക്സ് ഫെഡിന് 1.85 കോടി രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും വിരുപ്പാക്ക മില്ലിന് ഇതിന്റെ പ്രയോജനം ലഭിക്കാനിടയില്ല.
10 വർഷമായി തൊഴിലാളികളുടെ പിഎഫ് വിഹിതം അടയ്ക്കാത്തതിനാൽ 2022 മുതൽ വിരമിച്ചവർക്ക് പെൻഷനും ലഭിക്കുന്നില്ല. പിരിഞ്ഞുപോയ 175 തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി നൽകിയിട്ടില്ല. കേന്ദ്രസർക്കാർ എൻസിഡിസി ഫണ്ടിൽ നിന്നനുവദിച്ച 30 കോടി രൂപ ചെലവഴിച്ചു നടത്തിയ നവീകരണം ഇനിയും പൂർത്തിയായില്ല.ലേബർ കുടിശികയായി 47,33,200 രൂപയും ചരക്ക് സേവന നികുതി കുടിശികയായി 1,71,08175 രൂപയും അടയ്ക്കാനുള്ളതിന്റെ പേരിൽ റവന്യു റിക്കവറി നടപടി പുരോഗമിക്കുകയാണ്. ഇതിനായി മില്ലിന്റെ 50 സെന്റ് സ്ഥലം കരുമത്ര വില്ലേജ് ഓഫിസിൽ ലേലത്തിനു വച്ചു. 6 കോടി കുടിശിക ഉള്ളതിനാൽ വൈദ്യുതി വിഛേദിച്ചിരിക്കുകയാണ്.