താമര വളയം ചീപ്പുചിറയിൽ തടയണ നിർമാണം വീണ്ടും തുടങ്ങി
Mail This Article
കരുവന്നൂർ∙ താമര വളയം ചിറയിലെ ചീപ്പുചിറയിൽ കണക്കൻകടവ് പാലത്തിനു സമീപത്ത് താൽക്കാലിക തടയണ നിർമാണം പൊലീസ്‍ കാവലിൽ പുനരാരംഭിച്ചു. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. നേരത്തെ മന്ത്രി ആർ ബിന്ദു, കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനം അനുസരിച്ചാണ് താൽക്കാലിക തടയണയുടെ നിർമാണം ഇന്ന് ആരംഭിച്ചത്. ഈ ഭാഗത്ത് തടയണ നിർമിച്ചാൽ സമീപ പ്രദേശത്ത് മുൻപ് ഇഷ്ടിക നിർമാണം നടന്നിരുന്ന സ്ഥലത്ത് ഇപ്പോൾ നടക്കുന്ന കൃഷിയുടെ ആവശ്യത്തിനെന്ന പേരിൽ കനാലിലേക്ക് വെള്ളം തുറന്ന് വിടുന്നതായും.
ഇതേ തുടർന്ന് മേഖലയിലെ കനാൽ വെള്ളവും കിണറുകളും മറ്റു കുടിവെള്ള സ്രോതസ്സുകളും മലിനമാകുന്നതായും ആരോപിച്ച് പ്രദേശവാസികൾ താൽക്കാലിക തടയണ നിർമാണം നേരത്തെ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ഡപ്യൂട്ടി കലക്ടർ മുഹമ്മദ് ഷെഫിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ധ സമിതി സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ ബണ്ട് മാറ്റി നിർമിക്കുന്നതിനെ പറ്റി റിപ്പോർട്ട് നൽകാം എന്ന് ഉറപ്പ് നൽകിയതായി നാട്ടുകാർ പറഞ്ഞു.
എന്നാൽ ഈ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികളിൽ ചിലർ ബക്കറ്റിൽ കലങ്ങിയ വെള്ളവുമായി പ്രതിഷേധിച്ചത് ഇവരെ കണക്കൻ കടവ് പാലത്തിന് സമീപത്ത് ഇരിങ്ങാലക്കുട എസ്എച്ച്ഒ മനോജ് കെ.ഗോപിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. ഏനാമാവ് ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ കൃഷിക്ക് വെള്ളമെത്തിക്കാൻ ചിമ്മിനി ഡാം കഴിഞ്ഞ ദിവസങ്ങളിൽ തുറന്നിരുന്നു.
കരുവന്നൂർ പുഴയിലൂടെ വിടുന്ന വെള്ളം കണക്കൻ കടവ് ഭാഗത്തെ ചീപ്പ് തുറന്നതിനാൽ വേണ്ട വിധത്തിൽ വടക്കൻ മേഖലയിലേക്ക് എത്തുന്നില്ലെന്നും വെള്ളമില്ലാത്തതിനാൽ ഈ മേഖലയിലെ കൃഷി നശിക്കുന്നതായും മാപ്രാണം തൊമ്മാന ഉൾപ്പെടുന്ന തെക്കൻ മേഖലയിലെ കൃഷിക്കാരെയും ഇത് ബാധിക്കുകയാണെന്നും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭാവിയിലും ഈ പ്രശ്നം ഒഴിവാക്കാനാണ് കണക്കൻകടവ് പാലത്തിനു സമീപത്ത് താൽക്കാലിക തടയണ നിർമാണം പുനരാരംഭിച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു