ADVERTISEMENT

തൃശൂർ ∙ സംഗീത നാടക അക്കാദമിയുടെ രാജ്യാന്തര നാടകോത്സവം (ഇറ്റ്ഫോക്) പതിനാലാം പതിപ്പിനു നാളെ തുടക്കം. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ എന്നതാണ് ഇത്തവണത്തെ ആശയം. 8 ദിവസങ്ങളിൽ 7 വേദികളിലായി 8 വിദേശ നാടകങ്ങൾ ഉൾപ്പെടെ 23 നാടകങ്ങളുടെ 47 പ്രദർശനങ്ങളുണ്ടാകും. നാളെ 3നു തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സിൽ ‘മാട്ടി കഥയും’ 7.45ന് ആക്ടർ മുരളി തിയറ്ററിൽ ‘അപത്രിദാസ്’ എന്ന പോർച്ചുഗീസ് നാടകവും കളിക്കും. 5നു പാലസ് ഗ്രൗണ്ടിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. നടി രോഹിണി പങ്കെടുക്കും. തുടർന്ന്, ഡൽഹി ദസ്താൻ ലൈവിന്റെ ‘കബീര കഥാ ബസാർ മേ’ യുടെ സൗജന്യ രംഗാവിഷ്ക്കാരവും അരങ്ങേറും.

രാമനിലയം ക്യാംപസിലെ ഫാവോസ് (ഫ്രം ദ് ആഷസ് ടു ഓപ്പൺ സ്കൈ) തിയറ്ററിൽ 10 മുതൽ 16 വരെ 1.30നു പാനൽ ചർച്ചകൾ, സംവാദം എന്നിവയും മുളങ്കുന്നത്തുകാവ് കിലയിൽ ‘സ്ത്രീകളും തിയറ്ററും’ വിഷയത്തിൽ വനിതാ നാടക പ്രവർത്തകർക്കായി 15 വരെ ശിൽപശാലയും നടത്തും. റീജനൽ തിയറ്റർ, തിയറ്റർ അങ്കണം, ടൗൺഹാൾ, സ്കൂൾ ഓഫ് ഡ്രാമ ക്യാംപസ് എന്നിവയാണു മറ്റു വേദികൾ. ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്ററിന്റെ അവാർഡ്, തൃശൂർ ഓക്സിജൻ തിയറ്റർ ഗ്രൂപ്പിന്റെ ഉബു റോയ്, സ്കൂൾ ഓഫ് ഡ്രാമയുടെ ഞാനും പോട്ടേ ബാപ്പാ ഓല്മരം കാണാൻ, തൃശൂർ കൊഗ്‌നിസാൻസ് പപ്പറ്റ് തിയറ്ററിന്റെ പാപ്പിസൊറായ് എന്നിവയാണു മലയാള നാടകങ്ങൾ. 

മുഖാമുഖം, സംഗീത നിശകൾ എന്നിവയും നടക്കും. 16ന് 5നു റീജനൽ തിയറ്റർ അങ്കണത്തിൽ സമാപന സമ്മേളനം നടക്കും. രാവിലെ 9നു ടിക്കറ്റ് കൗണ്ടറിൽനിന്ന് ഒരു ദിവസത്തെ മുഴുവൻ നാടകങ്ങളുടെയും നിശ്ചിത ശതമാനം ടിക്കറ്റുകൾ ലഭിക്കും. ബാക്കിയുള്ളവ ഓരോ നാടകത്തിനും ഒരു മണിക്കൂർ മുൻപ് കൗണ്ടറിൽനിന്ന് ലഭിക്കും. ടിക്കറ്റ് നിരക്ക് – 70 രൂപ. ഓൺലൈൻ ടിക്കറ്റുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും മറ്റു സേവനങ്ങൾക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. 

ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് മെയിൽ വഴി ലഭിച്ച ബാർകോഡ് തിയറ്ററിന്റെ പ്രവേശന കവാടത്തിൽ സ്കാൻ ചെയ്തോ പ്രിന്റ് എടുത്ത ടിക്കറ്റ് ഉപയോഗിച്ചോ നാടകം കാണാമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, നിർവാഹക സമിതിയംഗം രേണു രാമനാഥ്, ഫെസ്റ്റിവൽ ഡയറക്ടർ ബി.അനന്തകൃഷ്ണൻ, കോ ഓർഡിനേറ്റർ ജലീൽ ടി.കുന്നത്ത് എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com