അപകടമേഖലയായി ചാലക്കുടിപ്പുഴയിലെ പരിയാരം സിഎസ്ആര്‍ കടവിലെ കൊമ്പന്‍പാറ തടയണ
Mail This Article
പരിയാരം ∙ അപകട മുന്നറിയിപ്പുകൾ ചെവികൊള്ളാതെ ജനം പുഴയിലിറങ്ങി ജീവൻ നഷ്ടപ്പെടുത്തുന്നു. ചാലക്കുടിപ്പുഴയിലെ സിഎസ്ആർ കടവിലെ കൊമ്പൻപാറ തടയണയ്ക്കു സമീപം മുങ്ങിമരണവും ഒഴുക്കിൽപ്പെടലും ആവര്‍ത്തിക്കുന്നു. മാള കുഴൂർ സ്വദേശി കൊടിയൻ ജോയ്സൻ (40) കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു മുങ്ങിമരിച്ചത് ഇന്നലെയാണ്. കഴിഞ്ഞവർഷം ജൂലൈയിൽ ഒഴുക്കിൽപ്പെട്ട പരിയാരം സ്വദേശികളായ അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അപകടമരണം നടന്ന ദിവസവും വിലക്കുലംഘിച്ചു തടയണയ്ക്കു മുകളിലൂടെ ഇരുചക്ര വാഹനങ്ങളില്‍ ഒട്ടേറെപ്പേര്‍ കടന്നുപോയി. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചു തടയണയ്ക്കു സമീപം പുഴയിൽ കുളിക്കാന്‍ ജനത്തിനു മടിയില്ല.
മതിയായ അപകട മുന്നറിയിപ്പു ബോർഡുകൾ ഇല്ലാത്തതും നിയമം ലംഘിക്കുന്നവരെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ തയാറാകാത്തതുമാണു അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നു പ്രദേശവാസികള്‍ പറയുന്നു. വേനൽച്ചൂട് കനത്തതോടെ കുളിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണു ദൂരസ്ഥലങ്ങളിൽനിന്നു പോലും ഇവിടെയെത്തുന്നത്. ഒട്ടേറെ പേർ പുഴയ്ക്കു കുറുകെ നീന്തുന്നതും പതിവാണ്. പുഴയിലെ നീരൊഴുക്ക് പ്രവചിക്കാൻ കഴിയാത്തവിധമാണ്. പെരിങ്ങൽക്കുത്തിലെ വൈദ്യുതോൽപാദനത്തിനനുസരിച്ച് ഇവിടെ ജലനിരപ്പ് ഉയരാം. പരിയാരം, മേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു സിഎസ്ആർ കടവിൽ നിർമിച്ചതാണ് കൊമ്പൻപാറ തടയണ. പുഴയിലെ ജലം ഒഴുകി പ്പോകാതെ തടഞ്ഞുനിർത്തി ഇരുകരകളിലുമുള്ള നൂറുകണക്കിന് ഹെക്ടർ പ്രദേശത്ത് കാർഷിക ജലസേചനത്തിനും ശുദ്ധജലാവശ്യത്തിനും ജലം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ചാലക്കുടിപ്പുഴയില്‍ കുളിക്കുമ്പോൾ യുവാവ് മുങ്ങിമരിച്ചു
പരിയാരം ∙ ചാലക്കുടിപ്പുഴയിൽ സിഎസ്ആർ കടവിൽ കൊമ്പൻപാറ തടയണയ്ക്കു സമീപം കുളിക്കാനിറങ്ങിയ മാള കുഴൂർ കൊടിയൻ ജോയ്സൻ (40) മുങ്ങിമരിച്ചു. ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ്. ഇന്നലെ 3.45ന് ആയിരുന്നു അപകടം.
രണ്ടു മാസമായി പരിയാരം ഫുഡ് കോർട്ട് എന്ന സ്ഥാപനത്തിൽ കുക്ക് ആയി ജോലി ചെയ്യുകയായിരുന്നു. അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണു ജോയ്സൻ ഒഴുക്കിൽപെട്ട വിവരം പൊലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിൽ 5 മണിയോടെ തടയണയിൽ തടഞ്ഞുകിടക്കുകയായിരുന്ന മൃതദേഹം കണ്ടെത്തി. ഭാര്യ: സൗമ്യ.