ADVERTISEMENT

തൃശൂർ ∙ കംപ്യൂട്ടറിൽ 5 വ്യത്യസ്ത തരം മലയാളം ലിപികളും (ഫോണ്ട്) ഗ്രീക്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ഓരോ ലിപിയും തയാറാക്കിയ വൈദികൻ. യുഎസിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം, ബിരുദാനന്തര ബിരുദം, എംഎസ് എന്നിവ നേടി കംപ്യൂട്ടർ ലിപികളിൽ വിപ്ലവം സൃഷ്ടിച്ച വൈദികനാണ് ഇന്നലെ അന്തരിച്ച സിഎംഐ ദേവമാതാ പ്രവിശ്യയിലെ ഫാ.ജോർജ് പ്ലാശേരി (80). കംപ്യൂട്ടറിൽ ആദ്യത്തെ മലയാളം ലിപിയെന്നു കരുതപ്പെടുന്ന പ്ലാശേരി ഫോണ്ട് (1989) തയാറാക്കിയത് ഫാ.ജോർജായിരുന്നു. ആഴത്തിലുള്ള കംപ്യൂട്ടർ പരിജ്ഞാനത്തിലൂടെ മലയാള ഭാഷയിൽ സ്വന്തമായി സോഫ്റ്റ്‌വെയർ തയാറാക്കിയായിരുന്നു പരീക്ഷണങ്ങൾ. 

വാർധക്യ സംബന്ധമായ അസുഖങ്ങളാൽ അമല ആശുപത്രിയിൽ ചികിത്സയിൽ തുടരവെ ഇന്നലെ പുലർച്ചെ 5.45നായിരുന്നു അന്ത്യം. ഇരിങ്ങാലക്കുട രൂപതയിലെ താഴെക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമാണ്. കണ്ണിക്കര പ്ലാശേരി ചാതേലി മാത്യുവിന്റെയും മറിയത്തിന്റെയും മുതിർന്ന മകനായി 1944 ജൂലൈ 6നാണു ജനനം. കണ്ണിക്കര സെന്റ് പോൾസ് എൽപിഎസ്, ആളൂർ ആർഎംഎച്ച്എസ് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 15–ാം വയസ്സിൽ സിഎംഐ സഭയിൽ വൈദിക പഠനത്തിനു ചേർന്നു. തുടർന്ന് ഇരിങ്ങാലക്കുട ക്രൈസ് കോളജിൽ നിന്നു പ്രീ ഡിഗ്രിയും ഫിസിക്സിൽ ബിരുദവും നേടി. 1974 ഡിസംബർ 28നു വൈദിക പട്ടം സ്വീകരിച്ചു. കുസാറ്റിൽ നിന്നു ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടി. കാലിക്കറ്റ് സർവകലാശാലയിലാണ് എംഫിൽ പൂർത്തിയാക്കിയത്. ഇതിനു ശേഷമാണു കംപ്യൂട്ടർ സാങ്കേതിക വിദ്യയുടെ ആരംഭകാലത്ത് അതിൽ ഉപരിപഠനത്തിനായി 1988 ൽ യുഎസിലെത്തിയത്. 10 വർഷം യുഎസിലായിരുന്നു. 

ഫിലാ‍ഡൽഫിയ രൂപതയുടെ കീഴിലുള്ള 2 ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്രാഫിക് ഡിസൈനിങ്ങിൽ താൽപര്യമുണ്ടായിരുന്ന ഫാ.ജോർജ്, 1990–92 കാലത്തു 3 കംപ്യൂട്ടർ ഗെയിമുകൾക്കും രൂപം നൽകി. തമിഴ്നാട് കോയമ്പത്തൂരിലെ ലിസിയക്സ് മെട്രിക്കുലേഷൻ ഹൈസ്കൂളിലും എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലും ‌കംപ്യൂട്ടർ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 2000–10 കാലഘട്ടത്തിൽ സെന്റ് അലോഷ്യസ് കോളജിലെ ബർസാറായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലും ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജിലും ഫിസിക്സ് പ്രഫസറായിരുന്നു. പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു കഴിഞ്ഞ ഡിസംബറിൽ തുടക്കമായിരുന്നു. അതിന്റെ ഭാഗമായുള്ള പരിപാടികൾ പുരോഗമിക്കുമ്പോഴാണു വിയോഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com