ADVERTISEMENT

ഗുരുവായൂർ ∙ ദേവസ്വം ആനകളായ കൃഷ്ണ, ജൂനിയർ കേശവൻ എന്നീ കൊമ്പൻമാരെ കുളിപ്പിക്കുന്നതിനിടെ പാപ്പാൻമാർ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ പുന്നത്തൂർക്കോട്ട ആനത്താവളത്തിലെ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവിയോട് റിപ്പോർട്ട് തേടി. കൊമ്പൻ കൃഷ്ണയുടെ പാപ്പാൻമാരായ ശരത്, വിപിൻ, ഹരി എന്നിവരെ ഉടൻ ജോലിയിൽനിന്നു മാറ്റി നിർത്തി.

തൃശൂരിൽ എഴുന്നള്ളിപ്പിന് പോയ ജൂനിയർ കേശവനെ തിരികെക്കൊണ്ടുവരാൻ ദേവസ്വം നിർദേശം നൽകി. ആ പാപ്പാൻമാർക്കെതിരെയും നടപടിയുണ്ടാകും. 13ന് ചേരുന്ന ദേവസ്വം ഭരണസമിതി കൂടുതൽ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു. വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം ഉദ്യോഗസ്ഥർ ആനക്കോട്ടയിലെത്തി പരിശോധന നടത്തി. 3 പാപ്പാൻമാർക്കെതിരെ കേസ് എടുത്തു. ഇന്ന് വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടർ എത്തി ആനയെ പരിശോധിക്കും. 

കിഴക്കേനട ശീവേലിപ്പറമ്പിൽ കുളിപ്പിക്കാൻ കിടത്താനായി കൊമ്പൻ കൃഷ്ണയെ തോട്ടി ഉപയോഗിച്ചു കൊളുത്തി വലിക്കുന്നതും രണ്ടും കയ്യും കൊണ്ട് ആനയുടെ പുറത്തും വയറ്റിലും അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പുന്നത്തൂർക്കോട്ടയിൽ ജൂനിയർ കേശവനെ കുളിപ്പിക്കാൻ കിടത്തിയപ്പോൾ വാൽ താഴ്ത്തിവയ്ക്കാത്തതിന് പാപ്പാൻ വടി കൊണ്ട് പല വട്ടം അടിക്കുന്നതും വ്യക്തമായി കാണാം. ദർശനത്തിനുവന്ന ഭക്തരിൽ ചിലർ ശീവേലിപ്പറമ്പിനടുത്തുള്ള ഫ്ലാറ്റിൽനിന്നു പകർത്തിയതാണ് ദൃശ്യങ്ങൾ എന്നു വീഡിയോയിൽ പറയുന്നു. ഒരു മാസം മുൻപാണ് സംഭവം ഉണ്ടായതെന്നു കരുതുന്നു. മുൻകാലുകൾക്ക് അസുഖം ഉള്ളതിനാൽ കാൽ വലിച്ചുവച്ചു നടക്കുന്ന ഗജേന്ദ്ര എന്ന കൊമ്പന്റെ ദൃശ്യവും വീഡിയോയുടെ അവസാന ഭാഗത്തുണ്ട്.   തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത നടയിരുത്തിയ കൊമ്പനാണ് കൃഷ്ണ. 

ആനത്താവളത്തിൽ ആനകളെ തളയ്ക്കുന്ന കെട്ടുംതറിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ആനയെ മർദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ ദേവസ്വം വെറ്ററിനറി ഡോക്ടർ ചാരുജിത് നാരായണൻ കൊമ്പൻ കൃഷ്ണയെ പരിശോധിച്ചു. ആനയുടെ ദേഹത്ത് ഇപ്പോൾ മുറിവുകളോ ചതവുകളോ ഇല്ലെന്ന് റിപ്പോർട്ട് നൽകി. ഒരു മാസത്തിനിടെ ഡോക്ടറുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റോടെ ആനയെ മുണ്ടൂർ, താമരയൂർ ക്ഷേത്രങ്ങളിൽ എഴുന്നള്ളിച്ചിട്ടുണ്ട്. കൊമ്പൻ ജൂനിയർ കേശവനെ കഴിഞ്ഞ ദിവസം തൃശൂരിൽ എഴുന്നള്ളിപ്പിന് അയച്ചതും ഫിറ്റ്നെസ് സർട്ടിഫിക്കറ്റോടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com