ADVERTISEMENT

തൃശൂർ ∙ രാജ്യാന്തര നാടകോത്സവത്തിന് (ഇറ്റ്ഫോക്) ഇന്നു തുടക്കം. മന്ത്രി സജി ചെറിയാൻ വൈകിട്ട് 5ന് പാലസ് ഗ്രൗണ്ടിലെ വേദിയിൽ ഉദ്ഘാടനം നിർവഹിക്കും. 16 വരെ നടക്കുന്ന നാടകോത്സവത്തിലെ മുഖ്യാതിഥി തെന്നിന്ത്യൻ സിനിമാതാരവും തിയറ്റർ ആർട്ടിസ്റ്റുമായ രോഹിണിയാണ്. പോർച്ചുഗീസ് ഭാഷാ നാടകം ‘അപത്രിദാസ്’ ഉദ്ഘാടന നാടകമായി ആക്ടർ മുരളി തിയറ്ററിൽ അരങ്ങേറും.

പാനൽ ചർച്ചകളും ദേശീയ– രാജ്യാന്തര നാടക പ്രവർത്തകരുമായുള്ള മുഖാമുഖവും സംഗീതനിശകളും തിയറ്റർ ശിൽപശാലകളും നാടകോത്സവത്തിന്റെ ഭാഗമായി നടക്കും. ടിക്കറ്റ് ബുക്കിങ് കൗണ്ടർ 16 വരെ രാവിലെ ഒൻപതിനു തുറക്കും. അതതു ദിവസങ്ങളിലെ മുഴുവൻ നാടകങ്ങളുടെയും ഒരു നിശ്ചിത ശതമാനം ടിക്കറ്റുകളാണു ഇവിടെ നിന്നു ലഭിക്കുക. ബാക്കിയുള്ള ടിക്കറ്റുകൾ നാടകങ്ങൾ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു കൗണ്ടറുകളിൽ നിന്നു ലഭ്യമാകും. ഓൺലൈനായി ടിക്കറ്റ് എടുത്തവർക്ക് ഇമെയിലിൽ ലഭിച്ചിട്ടുള്ള ബാർകോഡ് തിയറ്ററിന്റെ പ്രവേശന കവാടത്തിൽ സ്കാൻ ചെയ്ത് നാടകം കാണാം.  ടിക്കറ്റ് പ്രിന്റ് എടുത്തും എത്താവുന്നതാണ്.

ഇന്നത്തെ നാടകങ്ങൾ 
∙അപത്രിദാസ് (സ്റ്റേറ്റ്ലസ്), (ആക്ടർ മുരളി തിയറ്റർ, പോർച്ചുഗീസ്– 55 മിനിറ്റ്) രാത്രി 7.30

മനുഷ്യർ നേരിടുന്ന പ്രതിസന്ധികളും  കുടിയേറ്റങ്ങളുമാണ് നാടകത്തിൽ ദൃശ്യവൽക്കരിക്കുന്നത്.   അമസോണിയ (ബ്രസീൽ), ആഫ്രിക്കനിറ്റ് എന്നിവിടങ്ങളിലുള്ളവർക്ക് അവരുടെ ദേശം ഇല്ലാതാകുന്നതിനെക്കുറിച്ചാണ് നാടകം. 4 മോണോലോഗുകളിൽ കൂടിയാണ് ഈ സമകാലിക രാഷ്ട്രീയ നാടകം കടന്നു പോവുന്നത്. ബ്രസീലിയൻ നാടക സംഘമായ കമ്പാനിയാ ഡി ടീയട്രൊ ആണ് ഒരുക്കുന്നത്. സംവിധായകൻ ലെനേഴ്സൺ പോളോനിനി
∙മാട്ടി കഥ  (തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സ്, ഇംഗ്ലിഷ്– ഹിന്ദി– ബംഗ്ല, ഒരു മണിക്കൂർ)– ഉച്ചയ്ക്ക് 3.00
സുന്ദർബനിലെ ദുർബലമായ സന്തുലിതാവസ്ഥയും  അവിടത്തെ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളുമാണ്  നാടകം ദൃശ്യവൽക്കരിക്കുന്നത്. ഡൽഹിയിലെ ട്രാംസ് ആർട്സ് ട്രസ്റ്റ് ഒരുക്കുന്ന ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് ചോതി ഘോഷും എം.ഡി.ഷമീമും ചേർന്നാണ്. ബംഗാളിലെ പരമ്പരാഗതവും സമകാലികവുമായ പാവനിർമാണ സമ്പ്രദായങ്ങളെക്കുറിച്ചും ഈ നാടകം പറയുന്നു. 
∙കബീര ഖദാ ബസാർ മേ (പാലസ് ഗ്രൗണ്ട്, റോക്ക് ഓപ്പറ, ഒന്നര മണിക്കൂർ)– രാത്രി 9.00 (പ്രവേശനം സൗജന്യം)
കബീർദാസിന്റെ ജീവിതത്തിന്റെ സാങ്കൽപ്പിക വിവരണം. സാമൂഹിക പ്രശ്‌നങ്ങളെ വിമർശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തെ പരിചയപ്പെടുത്തുകയാണ് ഈ കലാവിരുന്നിൽ. എം.കെ.റെയ്നയും ബാൻ ജിയും ആണു സംവിധാനം. ഡൽഹി ദസ്താൻ ലൈവ് ആണ് അവതരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com