ADVERTISEMENT

കുന്നംകുളം ∙ എസ്എസ്എൽസി അടക്കമുള്ള പരീക്ഷകളുടെ അവസാനവട്ട ഒരുക്കങ്ങൾക്കിടെ ജില്ലയിലെ വിവിധ ഹൈസ്കൂളുകളിൽ നിന്ന് അധ്യാപകരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി മരവിപ്പിച്ചു.‍ ഉത്തരവു ലഭിച്ചവരിൽ‍ ചിലർ ഇതിനിടെ സ്ഥലം മാറിയതോടെ ആശയക്കുഴപ്പത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇംഗ്ലിഷ് അധ്യാപകരായ 8 പേരെയാണ് സ്ഥലംമാറ്റി നിയമിച്ചു വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിട്ടത്. കുന്നംകുളം ഗവ.മോഡൽ ജിഎച്ച്എസ്എസ്, വടക്കാഞ്ചേരി ജിജിഎച്ച്എസ്, പാഞ്ഞാൾ ജിഎച്ച്എസ്എസ്. ചെയ്മ്പാൻ‍കുഴി ജിഎച്ച്എസ്, ചെമ്പുച്ചിറ ജിഎച്ച്എസ്, എരുമപ്പെട്ടി ജിഎച്ച്എസ്, വരവൂർ ജിഎച്ച്എസ് എന്നിവിടങ്ങളിലെ അധ്യാപകർക്കാണ് സ്ഥലംമാറ്റം. ഇവർ 7 ദിവസത്തിനകം‍ വിടുതൽ ചെയ്യണമെന്നും ഇൗ വിവരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ നിന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ ലഭിച്ച സ്ഥലംമാറ്റം സംബന്ധിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സർക്കുലറിൽ പറയുന്നു. 

പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ പരിഗണിച്ച് അധ്യാപകർ ഓപ്ഷൻ നൽകിയ സ്കൂളിലേക്കാണ് നിയമനം. ജനുവരി 18ന് തയാറാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ബന്ധപ്പെട്ടവർക്ക് ലഭിച്ചത്. ഉത്തരവ് തയാറാക്കിയ ഓഫിസിൽ ജീവനക്കാർക്കും സ്ഥലംമാറ്റം ലഭിച്ചതോടെയാണ് ഉത്തരവ് പുറത്തിറങ്ങാൻ കാലതാമസമുണ്ടായതെന്നാണ്  അധികൃതരുടെ വിശദീകരണം.മാർച്ച് 4ന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കാനിരിക്കെ അതിനു മുൻപ് മോഡൽ പരീക്ഷകൾ പൂർത്തീകരിക്കേണ്ടതുണ്ട്. പാഠഭാഗങ്ങൾ പൂർത്തിയാക്കി പരീക്ഷയ്ക്കു കുട്ടികളെ തയാറെടുപ്പിക്കുന്ന അധ്യാപകർക്ക് അവിചാരിതമായി സ്ഥലംമാറ്റം ഉണ്ടായത് പരീക്ഷാഫലത്തെ പോലും ബാധിക്കുന്നത് ചൂണ്ടിക്കാട്ടി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തി. അധ്യാപക സംഘടനകളും പ്രതിഷേധത്തിന് ഒപ്പം ചേർന്നു. ഇതോടെ സ്ഥലം മാറ്റം പുതിയ അധ്യയന വർഷാരംഭത്തിൽ മതിയെന്ന ധാരണയിലാണ് ഉത്തരവ് ഇന്നലെ മരവിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com