ബസും ലോറിയും കൂട്ടിയിടിച്ച് 2 പേർക്കു ഗുരുതര പരുക്ക്

Mail This Article
കൊടകര∙ കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് നിയന്ത്രണംവിട്ടു കണ്ടെയ്നർ ലോറിയുടെ പിന്നിലിടിക്കുകയും ബസിനു പിന്നിൽ മറ്റൊരു ലോറി ഇടിക്കുകയും ചെയ്ത അപകടത്തിൽ 12 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ നാലിനു ദേശീയപാതയിലെ മേൽപാലത്തിനു സമീപത്തായിരുന്നു അപകടം. വേളാങ്കണ്ണിയിൽ നിന്നു ചങ്ങനാശേരിയിലേക്കു പോകുകയായിരുന്നു ബസ്. പരുക്കേറ്റവരെ കൊടകര പൊലീസും നാട്ടുകാരും ചേർന്നു വിവിധ ആശുപത്രികളിൽ എത്തിച്ചു.
കാലിനും കൈക്കും ഗുരുതരമായി പരുക്കേറ്റ കണ്ടക്ടർ ചങ്ങനാശേരി വാഴപ്പിള്ളി പുന്നശ്ശേരി വീട്ടിൽ പ്രതാപചന്ദ്രൻ (51) അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ ഐസിയുവിലാണ്. ഗുരുതരമായി പരുക്കേറ്റ തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി പെരുമാളിനെ ഡിസ്ചാർജ് ചെയ്ത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. കെഎസ്ആർടിസി ഡ്രൈവർ കോട്ടയം സ്വദേശി മനോജ് (50), ആലുവ സ്വദേശി ജോജി, പെരുമ്പാവൂർ സ്വദേശി വർക്കി എന്നിവർ ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു. വയനാട് സ്വദേശികളായ ലക്ഷ്മി (76), സജീഷ് (39), തമിഴ്നാട്ടുകാരായ മറിയാമ്മ (62), ജോൺ തോമസ് (52), മാരിമുത്തു (52), രത്നം (48), മുരുകാനന്ദൻ (34) എന്നിവർക്കും പരുക്കേറ്റു.