ചാരുതരം, ചീരംകുളം പൂരം
Mail This Article
കുന്നംകുളം∙ തലയെടുപ്പുള്ള കൊമ്പൻമാർ അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പും പാണ്ടിമേളത്തിന്റെ മേളപ്പെരുക്കവും സമന്വയിച്ച ചീരംകുളം ഭഗവതി ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. ക്ഷേത്രത്തിൽ രാവിലെ വിശേഷപൂജകൾ നടന്നു. ഉച്ചയോടെ തട്ടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകൾ ആരംഭിച്ചു.
ഗ്രാമവീഥികളെ ആവേശത്തിലാഴ്ത്തി നടന്ന എഴുന്നള്ളിപ്പുകൾ വൈകിട്ടു ക്ഷേത്രപ്രദക്ഷിണത്തിന് ശേഷം കൂട്ടിയെഴുന്നള്ളിപ്പിനായി അണിനിരന്നു. വെള്ളത്തിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ അൻപതോളം ആനകൾ അണിനിരന്നു.
കൊമ്പൻ വലിയപുരയ്ക്കൽ ആര്യനന്ദൻ ഭഗവതിയുടെ തിടമ്പേറ്റി. കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം പരമ്പരാഗത വേലകൾ ക്ഷേത്രത്തിലെത്തി മടങ്ങി. ദീപാരാധനയ്ക്ക് ശേഷം മേലേക്കാവിൽ വേല, നടയ്ക്കൽ പറ, കേളി, നിറമാല ചുറ്റുവിളക്ക് എന്നിവയുണ്ടായി. രാത്രി തായമ്പക, കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നിവയും നടന്നു. രാത്രി പൂരത്തിന് ശേഷം പുലർച്ചെ എഴുന്നള്ളിപ്പ്, പാനപൂജ, ഗുരുതിപൂജ, കൂറ വലിക്കൽ എന്നിവയോടെയാണ് സമാപനം.