ADVERTISEMENT

ഇരിങ്ങാലക്കുട ∙ പ്രണയം തീയാണെന്നു പണ്ടേ തിരിച്ചറിഞ്ഞവരാണു ബിന്ദുവും സഹദേവനും. ജീവിതങ്ങളെ എരിച്ചുകളയുന്ന തീയ്ക്കരികിൽ ജോലി ചെയ്യുമ്പോഴും ഉള്ളിലെ പ്രണയത്തിന്റെ നെരിപ്പോടു കെടാതെ ഇവർ ഒന്നിച്ചു കൈകോർത്തു നിൽക്കുന്നു. പൂമംഗലം ശാന്തിതീരം ക്രിമറ്റോറിയത്തിലെ ഓപ്പറേറ്ററായി ബിന്ദുവും (47) സഹായിയായി ഭർത്താവ് സഹദേവനും (63) സേവനം തുടങ്ങിയിട്ട് ഒരുവർഷം പിന്നിടുകയാണ്. ഇക്കാലത്തിനിടെ 302 മൃതദേഹങ്ങൾ ഇവർ സംസ്കരിച്ചു. 6 മാസം മുൻപ് അമ്മ ഓമന മരിച്ചപ്പോൾ ബിന്ദു തന്നെയാണു പതറാതെ സംസ്കാരച്ചടങ്ങുകൾ നടത്തിയത്. അന്നും തുണയായി, ഇണയായി സഹദേവൻ കൂടെത്തന്നെ നിന്നു. 

കൗമാരത്തിൽ മൊട്ടിട്ടതാണു ഇവരുടെ പ്രണയം. ബിന്ദുവിന്റെ അച്ഛന്റെ വീടിനടുത്തായിരുന്നു സഹദേവന്റെ വീട്. അച്ഛന്റെ വീട്ടിലേക്ക് വല്ലപ്പോഴുമുള്ള വിരുന്നുവരവിൽ ഇരുവരും കണ്ടുമുട്ടി, ചിലപ്പോഴൊക്കെ സംസാരിച്ചു. പരിചയം പതിയെ പ്രണയമായി വളർന്നു. പഠനം പൂർത്തിയാക്കി ബിന്ദു പലഹാരം ഉണ്ടാക്കുന്ന ജോലിക്കു പോയിത്തുടങ്ങിയ സമയത്തു സഹദേവൻ വിവാഹാലോചനയുമായി വീട്ടിലെത്തി. ബിന്ദുവിന്റെ  അച്ഛൻ സമ്മതിച്ചില്ല. അച്ഛന്റെ സഹോദരൻമാർ ഇടപെട്ടാണ് വിവാഹം നടത്തിയത്. എടക്കുളം കപ്പേള സെന്ററിനു സമീപം 3 സെന്റിലെ ഒറ്റമുറി വീട്ടിൽ ഇരുവരും ജീവിതം തുടങ്ങി. സഹദേവൻ കൂലിപ്പണിയെടുത്തും ബിന്ദു വീട്ടുജോലികൾ ചെയ്തും കുടുംബം പുലർത്തി. ഇതിനിടെ പ്രളയത്തിൽ വീടു പൂർണമായും മുങ്ങി. 3 വട്ടം കോവിഡ് ബാധിച്ചു. 

കിടപ്പിലായ അച്ഛന്റെ പരിചരണവും ഇവരുടെ ചുമതലയായിരുന്നു. വരുമാന മാർഗങ്ങൾ നിലച്ചതോടെ എന്തു ചെയ്യുമെന്നറിയാതായി. ഇതിനിടെ തൊഴിലുറപ്പു ജോലിക്കു പോയിരുന്ന ബിന്ദുവിന് അലർജി മൂലം തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെയിരിക്കെ പത്രത്തിൽ കണ്ട അറിയിപ്പനുസരിച്ച് അപേക്ഷ നൽകിയാണു സ്വന്തം പ‍ഞ്ചായത്തിലെ ശ്മശാനത്തിൽ ഓപ്പറേറ്ററായി ജോലി നേടിയത്. ജോലിക്ക് അപേക്ഷിച്ചപ്പോൾ ആദ്യം സമ്മതം ചോദിച്ചതു മക്കളായ അശ്വന്തിനോടും ശ്രദ്ധയോടുമാണ്. ഇരുവരും സമ്മതിച്ചതോടെ അപേക്ഷ നൽകി. ജോലി ലഭിച്ച സമയത്ത് സഹായിയെ കണ്ടെത്തേണ്ട ചുമതലയും ബിന്ദുവിനായിരുന്നു. സഹദേവൻ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ആ പ്രതിസന്ധിയും നീങ്ങി. അലട്ടിയ ബുദ്ധിമുട്ടുകളെ എരിച്ചുകളഞ്ഞ് ഇരുവരും ജീവിതം തിരിച്ചുപിടിക്കുകയാണിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com