ADVERTISEMENT

ചാലക്കുടി ∙ പോട്ട സുന്ദരിക്കവലയിൽ സർവീസ് റോഡും ദേശീയപാതയും സംഗമിക്കുന്ന ഭാഗത്തെ അപകടാവസ്ഥയും ഗതാഗതക്കുരുക്കും ഒഴിവാക്കാനായി സർവീസ് റോഡിന്റെ വീതി കൂട്ടാൻ ലക്ഷ്യമിട്ടു വ്യക്തികളുടെ മതിലുകളും മറ്റു നിർമിതികളും പൊളിച്ചുമാറ്റി 5 മാസം പിന്നിട്ടിട്ടും തുടർ നടപടികളില്ല. ഇതോടെ ഈ ഭാഗത്ത് പ്രഖ്യാപിച്ച ഗതാഗത പരിഷ്കാരവും നടപ്പായില്ല. നവംബർ 15നാണു മതിലുകളും മറ്റു നിർമിതികളും പൊളിച്ചു മാറ്റിയത്. ഈ ഭാഗത്തെ മരങ്ങൾ മുറിച്ചു നീക്കാൻ  വനംവകുപ്പ് അനുമതി നൽകുകയും വൈദ്യുത പോസ്റ്റുകൾ മാറ്റാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് നടപടി സ്വീകരിക്കേണ്ട ചുമതല ദേശീയപാത അതോറിറ്റിക്കായി.

എന്നാൽ 5 മാസം പൂർത്തിയാകുമ്പോഴും അവർ നടപടിയെടുക്കാത്തതു വൻ പ്രതിഷേധത്തിനും വഴിയൊരുക്കി. ഏറ്റവുമൊടുവിൽ പാലിയേക്കര ടോൾ കമ്പനിയെ മരങ്ങൾ മുറിച്ചു നീക്കാനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു  ദേശീയപാത അതോറിറ്റി അറിയിക്കുകയും ചെയ്തു. ഇതിനിടെ ദേശീയപാത പ്രോജക്ട് ഡയറക്ടർ മാറിയതോടെ നടപടികൾ വീണ്ടും വൈകി.  ഏതാനും വർഷങ്ങൾക്കിടയിൽ വാഹനാപകടങ്ങളിൽ 2 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 7 പേർ ദാരുണമായി മരിച്ചതാണ് സുന്ദരിക്കവലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അധികൃതരെ പ്രേരിപ്പിച്ചത്. പോട്ട ആശ്രമം മുതൽ സുന്ദരിക്കവല വരെയുള്ള കിഴക്കു ഭാഗത്തെ സർവീസ് റോഡിന്റെ വീതി കൂട്ടാനാണ് നടപടി ആരംഭിച്ചത്.

എന്നാൽ മരങ്ങളും വൈദ്യുത പോസ്റ്റും നീക്കാത്തതിനാൽ വീതി കൂട്ടാനായി സ്ഥലം ഏറ്റെടുത്തതിന്റെ ഗുണം ഇനിയും ലഭിച്ചില്ല. ഈ ഭാഗത്ത് സർവീസ് റോഡിനായി 12 പേരിൽ നിന്നായി സ്ഥലം ഏറ്റെടുത്തു പണം നൽകിയിരുന്നു. സനീഷ്കുമാർ ജോസഫ് എംഎൽഎ, കലക്ടർ വി.ആർ.കൃഷ്ണതേജ, നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, നഗരസഭ കൗൺസിലർമാരായ വത്സൻ ചമ്പക്കര, ലില്ലി ജോസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നടപടികൾക്ക് വേഗം കൂട്ടാൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com