‘പണം പിൻവലിക്കാൻ ശ്രമിച്ചതിന് വീട്ടിലെത്തി ഭീഷണിപ്പെടുത്തി’; ചർച്ചയായി നിക്ഷേപകന്റെ കത്ത്

Mail This Article
തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപത്തുക മടക്കിനൽകാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ പാർട്ടിയുടെ ശത്രുവായി മാറേണ്ടിവന്ന അനുഭവം വിവരിച്ച് ഇടതുപക്ഷ സഹയാത്രികന്റെ കത്ത്.
പേരു വെളിപ്പെടുത്താൻ ധൈര്യപ്പെടാതെ നിക്ഷേപകൻ അയച്ച കത്തിലെ വിശദാംശങ്ങളിങ്ങനെ: ‘മുൻ സർക്കാർ ജീവനക്കാരനായ ഞാൻ ഇടതുപക്ഷ സഹയാത്രികനായിരുന്നു. വിരമിച്ചപ്പോൾ ലഭിച്ച തുകയാണു കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. വിദേശത്തു ജോലിചെയ്യുന്ന മകളുടെ ഭർത്താവിന്റെ പണവും ഞാൻ ഇടപെട്ടു ബാങ്കിൽ നിക്ഷേപിച്ചു. തട്ടിപ്പു പുറത്തായതോടെ നേതാക്കളുമായുള്ള വ്യക്തിബന്ധം ഉപയോഗിച്ചു ഞാൻ പണം പിൻവലിക്കാൻ ശ്രമിച്ചു. അന്നു മുതൽ ഞാനവരുടെ ശത്രുവായി.
പാർട്ടിയുടെ പ്രാദേശിക നേതാക്കന്മാർ വീട്ടിലെത്തി. പ്രസ്ഥാനത്തെ മോശമായി ചിത്രീകരിച്ചാൽ വെറുതെയിരിക്കില്ലെന്നു ഭീഷണിപ്പെടുത്തി. പേടിമൂലം പിന്നീടു ഞാൻ ബാങ്കിൽ പോയില്ല. ഇതോടെ വീട്ടിൽ സമാധാനം നഷ്ടമായി. ഒരുവശത്തു വീട്ടിലെ സമ്മർദവും മറുവശത്തു ഭീഷണിയുമായി ഹൃദയം പൊട്ടി മരിക്കുന്ന അവസ്ഥയിലാണു ഞാൻ..’ കത്തിൽ പറയുന്നു.

പണമുണ്ടായിട്ടും ഉപകാരപ്പെട്ടില്ല; സദസ്സിൽ കണ്ണീരായി കരുവന്നൂർ
തൃശൂർ ∙ ‘ജീവിതകാലം മുഴുവൻ ജോലി ചെയ്തുണ്ടാക്കിയ 24 ലക്ഷം രൂപ എന്റെ അക്കൗണ്ടിലുണ്ടായിരുന്നു. എന്നിട്ടും ഭാര്യയ്ക്കു നല്ല ചികിത്സ നൽകാൻ കഴിഞ്ഞില്ല.’ ഭാര്യ ഫിലോമിന വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ചതിന്റെ വേദന അടക്കാനാകാതെ മാപ്രാണം ഏറാട്ടുപറമ്പിൽ ദേവസ്സി (78) പറഞ്ഞു. സമരാഗ്നി യാത്രയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്തു നടത്തിയ ജനകീയ സദസ്സിൽ ആദ്യമെത്തിയ പരാതികളിലൊന്നായിരുന്നു ദേവസ്സിയുടേത്.
താനും ഭാര്യയും കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ പണമാണു കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചതെന്നു ദേവസ്സി പറയുന്നു. എന്നാൽ, തട്ടിപ്പുകൾ പുറത്തുവന്നതിനു ശേഷം നിക്ഷേപം മടക്കിനൽകാതെ ബാങ്ക് അധികൃതർ തടഞ്ഞുവച്ചു. ഭാര്യ ഫിലോമിനയുടെ മരണശേഷമാണു പണം മടക്കിനൽകിയത്. ജീവിതത്തിലെ ഏറ്റവും വലിയ ആവശ്യം മുന്നിൽ വന്നപ്പോൾ പണം ഉപയോഗിക്കാൻ കഴിയാത്തതിന്റെ വേദന ദേവസ്സിക്ക് ഇപ്പോഴും മാറിയിട്ടില്ല.