ADVERTISEMENT

കുരിയച്ചിറ ∙ പ്രദേശത്തു പ്രവർ‌ത്തിക്കുന്ന അറവുശാലയും ഒഡബ്ല്യുസി പ്ലാന്റും (ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ) കാരണം ഈച്ച ശല്യം വർധിച്ചതിനാൽ വീടുകളിൽ പോലും ഇരിക്കാൻ നിവൃത്തിയില്ലെന്ന പരാതിയുമായി നാട്ടുകാർ. അറവുശാലയും പ്ലാന്റും വൃത്തിഹീനമായി പ്രവർത്തിക്കുന്നതിനാലാണു ഈച്ചകളും കൊതുകുകളും പെരുകുന്നതെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. 

വീടിനകത്തു പോലും നിറയെ ഈച്ചയാണ്. ഭക്ഷണത്തിലും ഈച്ച വീഴുന്നതിനാൽ ആരോഗ്യത്തിനും ഭീഷണിയുണ്ട്. ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖല ആയതിനാലും ജനങ്ങൾ തിങ്ങിപ്പാർക്കുന്നതിനാലും പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരും. 

നവജാത ശിശുക്കൾ ഉള്ള വീടുകളിലെ വീട്ടമ്മമാർ ആശങ്കയിലാണ്. 5 കൗൺസിലർമാർ അടങ്ങുന്നതാണു കുരിയച്ചിറ ഡിവിഷൻ. ഇ.വി.സുനിൽരാജ്, സിന്ധു ആന്റോ ചാക്കോള, ആൻസി ജേക്കബ്, ലീല വർഗീസ്, നിമ്മി റപ്പായി എന്നീ കൗൺസിലർമാർ ചേർന്നു പല തവണ കോർപറേഷനിൽ പരാതി കൊടുത്തിരുന്നു. വല്ലപ്പോഴും മരുന്ന് അടിക്കുകയല്ലാതെ ഫലപ്രദമായ മാർഗങ്ങൾ ഒന്നും തന്നെ അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നു കൗൺസിലർ സിന്ധു ആന്റോ ചാക്കോള പറഞ്ഞു.

ജൈവമാലിന്യം സംസ്കരിക്കുന്ന പ്ലാന്റാണു ഒഡബ്ല്യുസി. മാലിന്യം സംസ്കരിച്ചു വളമാക്കുകയാണു ചെയ്യുന്നത്.ഇവിടെ എത്തിക്കുന്ന മാലിന്യം നനവോടെയാണ് എത്തിക്കുന്നത്. സംസ്കരിക്കാൻ ഒരു ദിവസം താമസിച്ചാൽ തന്നെ ഈച്ച നിറയും. നനവില്ലാതെ മാലിന്യം എത്തിക്കാൻ സാധിച്ചാൽ പ്രശ്നം പകുതി പരിഹരിക്കപ്പെടും. മാത്രമല്ല, വൈദ്യുതിക്കു തടസ്സം നേരിട്ടാലും സംസ്കരണം മുടങ്ങും. പ്ലാന്റിനു ജനറേറ്റർ വേണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.

''പ്ലാന്റിൽ കൊണ്ടുവരുന്ന മാലിന്യം വലിയ പെട്ടികളിൽ സംസ്കരണത്തിനായി തുറന്നുവയ്ക്കും. ആ സമയത്താണു ഈച്ചകൾ പെരുകുന്നത്. മുൻപു ദുർഗന്ധം മാത്രമായിരുന്നു പ്രശ്നമെങ്കിൽ ഇന്നു കിലോമീറ്ററിനപ്പുറത്തേക്ക് ഈച്ചകൾ എത്തുകയാണ്. വീടുകളുടെ ജനലുകൾ തുറക്കാൻ നിവൃത്തിയില്ല. ''



 

''ജില്ലയിലെ 55 ഡിവിഷനുകളിലെയും ജൈവ മാലിന്യം പ്ലാന്റിൽ എത്തുന്നുണ്ട്. ഒരു ചായ കുടിക്കാൻ നിവൃത്തിയില്ലാത്ത തരത്തിലാണു ഈച്ചകൾ പെരുകുന്നത്. പോരാത്തതിന് അറവുശാലയിലെ ദുർഗന്ധവും. എല്ലാം കൂടി കുരിയച്ചിറയിൽ ജീവിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. ''



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com