പെരിഞ്ഞനം പഞ്ചായത്തിലെ പ്രളയപ്പുരയ്ക്ക് ശാപമോക്ഷം

Mail This Article
കയ്പമംഗലം ∙ നിയമക്കുരുക്കിൽപ്പെട്ട് അടഞ്ഞുകിടന്നിരുന്ന പെരിഞ്ഞനം പഞ്ചായത്തിലെ പ്രളയപ്പുരയ്ക്ക് ശാപമോക്ഷം. 8 കുടുംബങ്ങൾക്കുകൂടി വീടിന്റെ താക്കോൽ കൈമാറി. മന്ത്രി കെ.രാജൻ ഗൃഹപ്രവേശം ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്തിൽ റോട്ടറി ക്ലബ് ഒരു കോടി രൂപ ചെലവഴിച്ച് റവന്യു വകുപ്പിന്റെ മിച്ചഭൂമി സ്ഥലത്താണ് പ്രളയപ്പുര നിർമിച്ചിരിക്കുന്നത്. പ്രളയബാധിതരായ 2 കുടുംബങ്ങൾക്ക് മാത്രമേ താക്കോൽ കൈമാറിയിരുന്നുള്ളൂ.
മറ്റു വീടുകൾ വിതരണം ചെയ്യാൻ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. പഞ്ചായത്തിന്റെയും എംഎൽഎയുടെയും കലക്ടറുടെയും ഇടപെടലിനെത്തുടർന്ന് നടന്ന യോഗത്തിലാണ് ബാക്കി വീടുകൾ നൽകാൻ തീരുമാനിച്ചത്. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ വി.ആർ.കൃഷ്ണതേജ, വിനീത മോഹൻദാസ്, എൻ.കെ.അബ്ദുൽ നാസർ, അനിൽകുമാർ,അജിത, അശോകൻ തറയിൽ, സച്ചിത് തറയിൽ, കെ.എ.കരീം, ഇ.ആർ. ഷീല തുടങ്ങിയവർ പ്രസംഗിച്ചു.