ADVERTISEMENT

തൃശൂർ ∙ പെരിഞ്ഞനം ക്ഷേത്രോത്സവത്തിൽ അരങ്ങേറിയ കഥകളി ക്യാമറയിൽ പകർത്തുമ്പോൾ ശ്രീജിത്ത് പെരിഞ്ഞനം എന്ന വിഡിയോഗ്രഫറിന്റെ ക്യാമറയിൽ കൗതുകം നിറഞ്ഞ ഒരു കാഴ്ച പതിഞ്ഞു. കാണികളുടെ ഇടയിൽ ഒരു കൊച്ചുപെൺകുട്ടി കഥകളിപ്പദത്തിനൊപ്പം കൈമുദ്രകൾ കാണിക്കുന്നു. അവൾ മറ്റാരെയും ശ്രദ്ധിക്കുന്നില്ല. ഒട്ടും ആലോചിക്കാതെ ആ ദൃശ്യം പകർത്തി. 7 വയസ്സുകാരി പല്ലവിയുടെ വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. കൊച്ചുവിരലുകൾ കൊണ്ടു മുദ്രകൾ അവതരിപ്പിച്ചു പല്ലവി എന്ന 2–ാം ക്ലാസുകാരി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. 

മുത്തശ്ശനോടൊപ്പം കഥകളി കാണുകയായിരുന്നു പല്ലവി. മുത്തശ്ശൻ‌ കൗതുകത്തോടെ നോക്കിയിരിക്കുന്നതും കാണാം. വിഡിയോ ഇതിനകം ഒട്ടേറെപ്പേർ കണ്ടു. പല്ലവിയെ അഭിനന്ദിച്ച് ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. തൃശൂർ ദേവമാതാ സ്കൂളിലെ വിദ്യാർഥിനിയാണ്. രണ്ടു വർഷമായി പല്ലവി നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യത്തിലാണ് ഇപ്പോൾ ശ്രദ്ധ. പെരിഞ്ഞനം സ്വദേശി ഡോ.കൃഷ്ണകുമാറിന്റെയും ഡോ.അഞ്ജുവിന്റെയും ഏക മകളാണ് പല്ലവി. തൃശൂരാണു താമസം.

മിഴാവിനെന്തൊരു മിഴിവ്;ചുവടു തനി പടിഞ്ഞാറൻ 
ചെറുതുരുത്തി ∙ കലാമണ്ഡലം കൂത്തമ്പലത്തിൽ വേറിട്ട രംഗാവതരണം നടത്തി ഇറ്റാലിയൻ സ്വദേശിയും എഴുപതുകാരനുമായ കലാകാരൻ. കേരളത്തിന്റെ അനുഷ്ഠാന വാദ്യമായ മിഴാവിന്റെ ശബ്ദവിന്യാസങ്ങൾക്കനുസരിച്ച് ചുവടു വച്ച്  പാശ്ചാത്യ പൗരസ്ത്യ കലാവതരണ സമ്പ്രദായങ്ങളെ കൂട്ടിച്ചേർത്ത് മാരിയോ ബർസാഗി നടത്തിയ രംഗാവതരണമാണ് കൂത്തമ്പലത്തിലെത്തിയവർക്ക് പുതിയ അനുഭവമായത്. 

കഥകളിയിൽ 36 വർഷത്തിലധികം കാലം  പരിശീലനവും രംഗപ്രയോഗവും നടത്തിയിട്ടുള്ള മാരിയോ  ടീയട്രോ ഡെൽ ആൽബെരോയിലെ  പ്രധാന നടനും സംവിധായകനുമാണ്. ആധുനിക നാടകവേദിയുടെ സിദ്ധാന്തങ്ങളും കേരളീയ കലകളുടെ പ്രയോഗ രീതികളും ചേർത്തുവച്ച് രംഗാവതരണത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന കലാകാരനാണ്  ഇദ്ദേഹം. വിഖ്യാത രംഗാവതരണ സംവിധായകനായ ഏൻജലിൻ പ്രെൽജോകാജിന്റെ ആവിഷ്കാരമാണ് അവതരിപ്പിച്ചത്. 

അവതരണത്തിന്റെ അവസാന ഭാഗത്ത് ഒരു രംഗാവതരണ പരീക്ഷണമെന്ന നിലയിൽ യഥാർത്ഥ പശ്ചാത്തല സംഗീതം ഒഴിവാക്കിയാണ് കൂടിയാട്ടത്തിന്റെ പ്രധാന വാദ്യമായ മിഴാവ് ഉപയോഗിച്ചത്. കലാമണ്ഡലത്തിലെ അധ്യാപകരും മിഴാവ് കലാകാരന്മാരുമായ കലാമണ്ഡലം സജിത്ത് വിജയനും കലാമണ്ഡലം രാഹുൽ അരവിന്ദും സഹായികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com