ADVERTISEMENT

ചാലക്കുടി ∙ പോട്ട സുന്ദരിക്കവലയിൽ സർവീസ് റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ വെട്ടി മാറ്റുന്നതിലെ തടസ്സങ്ങൾ നീങ്ങി. സർവീസ് റോഡും ദേശീയപാതയും സംഗമിക്കുന്ന ഭാഗത്തെ അപകടാവസ്ഥയും ഗതാഗതക്കുരുക്കും ഒഴിവാക്കാനായി സർവീസ് റോഡിന്റെ വീതി കൂട്ടാൻ ലക്ഷ്യമിട്ടു വ്യക്തികളുടെ മതിലുകളും മറ്റു നിർമിതികളും പൊളിച്ചു മാറ്റി 5 മാസം പിന്നിട്ടിട്ടും തുടർ നടപടികളില്ലാത്തതു ചൂണ്ടിക്കാട്ടി 16ന് ‘തടസ്സങ്ങൾ നീക്കുന്നതിലെ തടസ്സം ഇനിയും നീങ്ങിയില്ല’ എന്ന തലക്കെട്ടോടെ വാർത്ത നൽകിയിരുന്നു.

ഇതേ തുടർന്നാണ് മരങ്ങൾ വെട്ടി മാറ്റാൻ അടിയന്തര നടപടിയായത്. ഇതിനായി 20ന് ടെൻഡർ ക്ഷണിച്ചു. 10 ദിവസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കും. വൈകാതെ മരങ്ങൾ മുറിച്ചു മാറ്റാനാകുമെന്നാണു പ്രതീക്ഷ. നവംബർ 15നാണു മതിലുകളും മറ്റു നിർമിതികളും പൊളിച്ചു മാറ്റിയത്. ഈ ഭാഗത്തെ മരങ്ങൾ മുറിച്ചു നീക്കാനും കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റുകൾ മാറ്റാനും തീരുമാനിക്കുകയും ചെയ്തു.

വൈകാതെ മരങ്ങൾ മുറിക്കാൻ വനംവകുപ്പ് അനുമതി നൽകുകയും ചെയ്തു. പിന്നീട് നടപടി സ്വീകരിക്കേണ്ട ചുമതല ദേശീയപാത അതോറിറ്റിക്കായി. എന്നാൽ 5 മാസം നടപടികളില്ലാതെ മുൻപോട്ടു പോയതു വൻ പ്രതിഷേധത്തിനു വഴിയൊരുക്കി. ഏറ്റവുമൊടുവിൽ പാലിയേക്കര ടോൾ കമ്പനിയെ മരങ്ങൾ മുറിച്ചു നീക്കാനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു ഒന്നര മാസം മുൻപു ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു.

ഇതിനിടെ ദേശീയപാത പ്രോജക്ട് ഡയറക്ടർ മാറിയതോടെ നടപടികൾ വീണ്ടും വൈകി. ദേശീയപാതയിൽ ചാലക്കുടിക്കും പോട്ടയ്ക്കും ഇടയിലുള്ള സ്ഥലമാണ് സുന്ദരിക്കവല. ഇവിടം മുതൽ പോട്ട ആശ്രമം ജംക്‌ഷൻ വരെ കിഴക്കു ഭാഗത്തെ സർവീസ് റോഡിന് വീതി വളരെ കുറവായിരുന്നതിനാൽ അതുവഴി ഒരു വരി ഗതാഗതമാണു സാധ്യമായിരുന്നത്. ആശ്രമം ഭാഗത്തു നിന്ന് വാഹനങ്ങൾക്ക് ‘നോ എൻട്രി’ എന്നു കാണിച്ചു പൊലീസ് ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും സ്വകാര്യ, കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ളവ ഇതിലൂടെ ഓടി.

ഇതും അപകടങ്ങൾക്കു വഴിയൊരുക്കി. ഏതാനും വർഷങ്ങൾക്കിടയിൽ വാഹനാപകടങ്ങളിൽ 2 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 7 പേർ ദാരുണമായി മരിച്ചതാണു സുന്ദരിക്കവലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അധികൃതരെ പ്രേരിപ്പിച്ച പ്രധാന ഘടകം.  പോട്ട ആശ്രമം മുതൽ സുന്ദരിക്കവല വരെയുള്ള കിഴക്കു ഭാഗത്തെ സർവീസ് റോഡിന്റെ വീതി കൂട്ടാനാണ് നടപടി ആരംഭിച്ചത്. എന്നാൽ മരങ്ങളും വൈദ്യുത പോസ്റ്റും നീക്കാത്തതിനാൽ വീതി കൂട്ടാനായി സ്ഥലം ഏറ്റെടുത്തതിന്റെ ഗുണം ഇതുവരെ ലഭിച്ചിരുന്നില്ല.

ഈ ഭാഗത്ത് സർവീസ് റോഡിനായി 12 പേരിൽ നിന്നായി സ്ഥലം ഏറ്റെടുത്തു പണം നൽകിയിരുന്നു. മനോരമ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അടിയന്തരമായി മരങ്ങൾ നീക്കാനായി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. മരങ്ങളും വൈദ്യുത പോസ്റ്റും നീക്കിയ ശേഷം വീതി കൂട്ടിയ ഭാഗത്തോടു ചേർന്നു ഡ്രെയിനേജ് നിർമാണവും ടാറിങ്ങും നടത്തണം.

പോട്ട ആശ്രമം മുതൽ പാപ്പാളി ജംക്‌ഷൻ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്കു ദേശീയപാത അതോറിറ്റി 10 കോടി രൂപ നൽകാമെന്ന് അറിയിച്ചിരുന്നു. നേരത്തെ 4 മീറ്റർ വീതിയുണ്ടായിരുന്ന സർവീസ് റോഡ് സ്ഥലം ഏറ്റെടുത്തതോടെ 9 മുതൽ 11 വരെ മീറ്റർ വീതിയുള്ളതായി. നിർമാണം പൂർത്തിയായാൽ ഇതുവഴി ഇരുവരി ഗതാഗതം സുഗമമായി സാധ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com