ADVERTISEMENT

കൊടുങ്ങല്ലൂർ ∙ പുതിയ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന എറണാകുളം – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലം നിർമാണം അതിവേഗത്തിൽ. നൂതന സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന പാലത്തിന്റെ പണി തുടങ്ങിയിട്ടു നൂറു ദിവസം പിന്നിട്ടു. ആദ്യഘട്ട പ്രവർത്തനത്തിന്റെ 28 ശതമാനം പ്രവൃത്തികൾ പൂർത്തിയായി.  പുഴയിലും കരയിലുമായി 196 പൈലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 

പുഴയിൽ ഉയർത്തുന്ന തൂണുകളിൽ സെഗ്‌മെന്റൽ ഓട്ടോ ലോഞ്ചിങ് സിസ്റ്റം ആണ് ചെയ്യുന്നത്. 50 മീറ്റർ നീളമുള്ള സ്പാനുകൾ ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഘടിപ്പിക്കും. മുൻപു തൂണുകൾക്കു മീതെ കോൺക്രീറ്റ് ചെയ്തു സ്പാനുകൾ തയാറാക്കുകയാണു ചെയ്തിരുന്നത്. ഒരു സ്പാൻ കോൺക്രീറ്റ് ചെയ്തു 28 ദിവസം പിന്നിട്ടതിനു ശേഷമേ അടുത്ത സ്പാൻ കോൺക്രീറ്റ് ചെയ്യാനാകൂ. പുതിയ സാങ്കേതിക വിദ്യയിൽ മറ്റു സ്ഥലങ്ങളിൽ സ്പാനുകൾ നിർമിച്ചു പുഴയിൽ എത്തിച്ചു ഘടിപ്പിക്കും. സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിങ് തയാറാക്കിയ ചെന്നൈ ഐഐടി അനുമതി നൽകിയിട്ടുണ്ട്. സെഗ്‌മന്റെൽ കാസ്റ്റിങ്ങിനു വേണ്ട മോൾഡ് (മാതൃക) ഗുജറാത്തിൽ നിന്നു കപ്പൽ മാർഗം എത്തിക്കും. 

അഴീക്കോട് ജെട്ടി ഭാഗത്തെയും പുഴയോരത്തെയും പൈലിങ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്.  ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. അപ്രോച്ച് റോഡ് ഉൾപ്പെടെ 1123 മീറ്റർ നീളവും 15.70 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. ചേർത്തല – പൊന്നാനി ഇടനാഴിയിലെ എറ്റവും പ്രധാന പാലമാണിത്. തീരമേഖലയ്ക്കു ഏറെ വികസന പ്രതീക്ഷ നൽകുന്നതാണു നിർദിഷ്ട പാലം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നിർമിക്കുന്നത്. പുരാതന മുസിരിസ് തുറമുഖ കവാടമായ അഴീക്കോട്ടെ പ്രകൃതി സൗന്ദര്യം ആസ്വാദിക്കാനാകും വിധമാണു പാലത്തിന്റെ രൂപകൽപന. 1.5 മീറ്റർ നടപ്പാതയും 1.80 മീറ്റർ സൈക്കിൾ ട്രാക്കും പാലത്തിലുണ്ട്.

തീരദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പാലത്തിനു ശിലയിട്ടു 10 വർഷം പിന്നിടുമ്പോഴാണ് നിർമാണ പ്രവർത്തനം തുടങ്ങിയത്. മുനമ്പം ഭാഗത്തു 53 സെന്റും അഴീക്കോട് ഭാഗത്തു ഫിഷറീസ് വകുപ്പിന്റെ ഭൂമി ഉൾപ്പെടെ 106 സെന്റ് സ്ഥലവും പാലത്തിനു വേണ്ടി ഏറ്റെടുത്തിരുന്നു.  തൃശൂർ ജില്ലയുടെ തീരദേശ മേഖലയിൽ വൻ വികസനത്തിനു സാധ്യതയേറെയാണ്. തീരദേശത്തുള്ളവർക്കു എറണാകുളത്തേക്കുള്ള യാത്രാമാർഗം എളുപ്പമാകും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. സജിത്ത്, അസിസ്റ്റന്റ് എൻജിനീയർ മൈഥിലി, പ്രൊജക്ട് എൻജിനീയർമാരായ പി.യു. നവനീത് ഭാസ്, ടി.പി. വിപിൻ എന്നിവരാണ് നിർമാണ സ്ഥലത്തു പ്രവൃത്തികൾ ക്രോഡീകരിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com