ADVERTISEMENT

ഗുരുവായൂർ ∙ പുണ്യനദികളെ ആവാഹിച്ച രുദ്രതീർഥക്കരയിൽ ഭഗവാന്റെ പഞ്ചലോഹത്തിടമ്പിനു സ്വർണം ചേർത്തു തയാറാക്കിയ മഞ്ഞൾപ്പൊടിയും ഇളനീരും അഭിഷേകം ചെയ്തു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരും ഓതിക്കന്മാരും തിടമ്പുമായി രുദ്രതീർഥത്തിൽ മുങ്ങിക്കയറി. കരയിൽ കാത്തു നിന്ന ആയിരങ്ങൾ ആറാട്ടു കുളിച്ചു. ഇടത്തരികത്തുകാവിൽ  ഭഗവതിയുടെ വാതിൽമാടത്തിൽ ഗുരുവായൂരപ്പന് ഉച്ചപ്പൂജ നടത്തി. തുടർന്ന് പിടിയാന ദേവിയുടെ പുറത്തു തിടമ്പുമായി 11 ഓട്ടപ്രദക്ഷിണം പൂർത്തിയാക്കി. അർധരാത്രിയോടെ ഉത്സവം കൊടിയിറക്കി.      ഉച്ചകഴിഞ്ഞതോടെ യാത്രാബലി ചടങ്ങ് ആരംഭിച്ചു. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ദിക് കൊടികളിലെ ചൈതന്യം തിടമ്പിലേക്ക് ആവാഹിച്ചു. പരിവാര ദേവതകൾക്ക് ഹവിസ് അർപ്പിച്ചു. സന്ധ്യയ്ക്ക് കീഴ്ശാന്തി തിരുവാലൂർ ഹരിനാരായണൻ നമ്പൂതിരി കൊടിമരച്ചുവട്ടിൽ സ്വർണ പഴുക്കാമണ്ഡപത്തിൽ ദീപാരാധന നടത്തി.

സ്വർണക്കോലത്തിൽ പഞ്ചലോഹത്തിടമ്പ് കൊമ്പൻ നന്ദൻ എഴുന്നള്ളിച്ചു. ഭക്തർ നിറപറകൾ വച്ച്  എതിരേറ്റു. ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം വടക്കേനടയ്ക്കൽ  മേളത്തിനു വഴിമാറി.    കരിങ്കല്ലത്താണിക്കു സമീപം സങ്കടനിവൃത്തി ചടങ്ങു നടത്തി. രുദ്രതീർഥത്തിലെ ആറാട്ടു കടവിൽ ഇറക്കി എഴുന്നള്ളിച്ച് ആറാട്ടു ചടങ്ങുകൾ പൂർത്തിയാക്കി. പള്ളിവേട്ടയുടെ ക്ഷീണത്തിൽ ഉറങ്ങിപ്പോയ കണ്ണൻ ആറാട്ടുദിനമായ ഇന്നലെ ഉണർന്നത് പശുക്കിടാവിന്റെ കരച്ചിൽ കേട്ട്. പശുക്കുട്ടിയെ കുളിപ്പിച്ച് കുറി തൊടീച്ച് ഉദയത്തിന് മുൻപായി അവകാശി മനയത്ത് കൃഷ്ണകുമാർ നാലമ്പലത്തിൽ എത്തിച്ചു.    നീരാട്ടിനു ശേഷം അഞ്ജനം കൊണ്ടു കണ്ണെഴുതി, ഗോരോചനക്കുറി തൊട്ട് കറുകമാലയണിഞ്ഞ് കരുവാട്ട് ഭട്ടതിരിയുടെ പുരാണപാരായണം കേട്ട് അകത്തേക്കെഴുന്നള്ളിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com