ADVERTISEMENT

‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ....’ ഒരു ഗ്രാമപ്രദേശത്തെ ചായക്കടയിലെ റേഡിയോയിൽ നിന്ന് ഒഴുകിയെത്തുന്ന വരികളാണിത്. പറയുമ്പോൾ തന്നെ കുറെ ചിത്രങ്ങൾ മനസ്സിൽ വന്നു, അല്ലേ? പത്രം വായിച്ച് കളി തമാശകൾ പറഞ്ഞിരിക്കുന്ന കുറച്ച് ആളുകൾ. ഇതൊക്കെ പഴയ സീനല്ലേ എന്ന് ചിന്തിക്കുന്നവരോട്, ഇത് ‘പഴയതല്ല’. എന്നാൽ, മൊത്തത്തിൽ പഴമ നിറഞ്ഞിരിക്കുന്ന, പഴയ റേഡിയോയും കേട്ട് പത്രവും വായിച്ച് ചൂടുപിടിക്കുന്ന ഇലക്‌ഷൻ വാർത്തകളും ചർച്ച ചെയ്യുന്ന ഓല മേഞ്ഞ, മണ്ണ് മെഴുകിയ ഒരു ചായക്കട ഇന്നും മ്മ്ടെ തൃശൂരൊണ്ട്. മുല്ലശ്ശേരി പാടൂരിലെ സുനിച്ചേട്ടന്റെ ചായക്കട. രണ്ട് തലമുറയുടെ കഥ പറയാനുണ്ട് ആ ചായക്കടയ്ക്ക്.

പാടൂരിലെ 103 വർഷം പഴക്കമുള്ള ചായക്കട. 		ചിത്രം : വിഷ്ണു വി.നായർ‌ ∙ മനോരമ
പാടൂരിലെ 103 വർഷം പഴക്കമുള്ള ചായക്കട. ചിത്രം : വിഷ്ണു വി.നായർ‌ ∙ മനോരമ

നാട്ടുകാരുടെ പ്രിയപ്പെട്ട സുനിച്ചേട്ടൻ എന്ന കെ.എം.സുനിലിന്റെ അപ്പൂപ്പൻ‌ വേലുണ്ണിയാണ് 103 വർഷങ്ങൾക്കു മുൻപ് ചായക്കട ആരംഭിച്ചത്. അതിനുശേഷം വേലുണ്ണിയുടെ മകൻ മാധവനിലേക്കും പിന്നീടത് സുനിലേക്കും എത്തിച്ചേർന്നു. ‘ചായക്കട ആരംഭിക്കുമ്പോൾ എങ്ങനെയായിരുന്നോ അതേ രീതി തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. അന്നു തൊട്ട് ഇന്നുവരെ കടയിൽ എരുമപ്പാലിന്റെ ചായയെ ഉണ്ടാക്കിയിട്ടുള്ളൂ. അതേ പൈസാപ്പെട്ടി തന്നെയാണ് ഇന്നും ഉപയോഗിക്കുന്നത്. ആകെയുള്ള വ്യത്യാസം അച്ഛന്റെയും അച്ഛാച്ചന്റെയും കാലത്ത് ഊണ് കൊടുക്കുമായിരുന്നു. ഇപ്പോൾ അതില്ല. അന്നൊക്കെ പെങ്ങന്മാരും അമ്മയും ചേർന്നാണ് എല്ലാം തയാറാക്കിയിരുന്നത്. 

പെങ്ങന്മാരെ കല്യാണം കഴിപ്പിച്ച് വിടുകയും അമ്മ മരിക്കുകയും ചെയ്തതോടെ ഊണിന്റെ പരിപാടി നിർത്തി.’ സുനിൽ പറഞ്ഞു. കടയിലെ എരുമപ്പാലിന്റെ ചായയും പുട്ടും പപ്പടവും ചുട്ട പത്തിരിയും എന്നും നാട്ടുകാർക്ക് ‘സ്പെഷലാണ്’. എന്നും രാവിലെ ജോലിക്കു പോകുന്നതിനു മുൻപ് എല്ലാവരും കടയിൽ ഒത്തുകൂടുന്നത് ഇവിടുത്തെ നാട്ടുകാരുടെ വർഷങ്ങളായുള്ള ദിനചര്യയാണ്. കേവലം നാട്ടുവർത്തമാനങ്ങൾക്കു മാത്രമല്ല, റേഡിയോയിലൂടെ ഒഴുകിയെത്തുന്ന പാട്ടിനെക്കുറിച്ചുള്ള ചർച്ചകൾക്കും പൂരക്കഥകൾക്കും ചൂടുപിടിച്ച ഇലക്‌ഷൻ വാക്‌വാദങ്ങൾക്കുമെല്ലാം ദിനംപ്രതി ചായക്കട സാക്ഷിയാണ്.

‘മുൻപ് ഞങ്ങളൊക്കെ സ്കൂളിൽ പോയിരുന്നപ്പോൾ അച്ഛൻ – അപ്പൂപ്പന്മാർ ഇരുന്ന ഇടത്ത് ഇപ്പോൾ ഞങ്ങൾ ഇരിക്കുന്നു. ഞങ്ങളുടെ സൗഹൃദം അതുകൊണ്ട് തന്നെ നല്ലരീതിയിൽ നിലനിൽക്കുന്നു. ഇനിയുള്ള തലമുറ എങ്ങനെ ഇതിനെ കാണുമെന്ന് അറിയില്ലെങ്കിലും ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’ നാട്ടുകാർ പറയുന്നു. ഞായറാഴ്ചയാണ് ഇവിടെ ‘കച്ചേരി’. സിനിമാപാട്ടുകളും കവിതകളും ഒക്കെ പാടി ആകെ ഒരു മേളമായിരിക്കും.’ പറഞ്ഞിട്ടും പറഞ്ഞിട്ടും കടയെക്കുറിച്ചുള്ള വിശേഷങ്ങൾ അവരിൽ നിറഞ്ഞു നിൽക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com