ADVERTISEMENT

തൃശൂർ ∙ കോർപറേഷൻ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്തതിൽ ഓംബുഡ്സ്മാൻ കുറ്റക്കാരിയെന്നു കണ്ടെത്തിയ ഡപ്യൂട്ടി മേയർ എം.എൽ.റോസിയുടെ രാജിയാവശ്യപ്പെട്ട് കൗൺസിലിൽ പ്രതിപക്ഷ ബഹളം. യുഡിഎഫ്, ബിജെപി അംഗങ്ങൾ ഡപ്യൂട്ടി മേയറുടെ ഇരിപ്പിടം വളഞ്ഞ് അരമണിക്കൂറോളം മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം തുടങ്ങിയതോടെ അജൻഡകൾ വേഗത്തിൽ വായിച്ച് പാസാക്കി മേയർ എം.കെ.വർഗീസ് പുറത്തുപോയി. മുദ്രാവാക്യം വിളികൾക്കിടെ ഏറെ നേരം അക്ഷോഭ്യയായി സീറ്റിലിരുന്നശേഷം എം.എൽ.റോസി ഓഫിസ് മുറിയിലേക്കു പോയതോടെ പ്രതിഷേധവും അവസാനിച്ചു. 

കുടിവെള്ളം വിതരണത്തിലെ ക്രമക്കേടു മൂലം കോർപറേഷനുണ്ടായ ഒരു കോടി രൂപയുടെ നഷ്ടത്തിനു ഡപ്യൂട്ടി മേയറെ അയോഗ്യയാക്കാൻ ആവശ്യപ്പെട്ട് ഓംബുഡ്സ്മാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു നോട്ടിസ് നൽകിയിരുന്നു.  മനോരമ പുറത്തുകൊണ്ടുവന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പറവട്ടാനി സ്വദേശി കെ.ഡി.മാത്യു നൽകിയ പരാതിയെത്തുടർന്ന് ജസ്റ്റിസ് പി.എസ്.ഗോപിനാഥനാണ് ഉത്തരവിറക്കിയത്.  കോടതി കുറ്റക്കാരിയെന്നു വിധിച്ച ഡപ്യൂട്ടി മേയറെ കൗൺസിലിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങളാണ് ആദ്യം നടുത്തളത്തിൽ ഇറങ്ങിയത്. 

തൊട്ടുപിന്നാലെ മുദ്രാവാക്യം വിളികളും പ്ലക്കാർഡുമേന്തി ബിജെപി അംഗങ്ങളും ഇറങ്ങി. ഓംബുഡ്സ്മാൻ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ കൗൺസിൽ ഹാളിൽ നിന്നു ഡപ്യൂട്ടി മേയറെ പുറത്താക്കണമെന്നു രാജൻ പല്ലൻ ആവശ്യപ്പെട്ടു. വെറും അഴിമതി ആരോപണമല്ലിത്, മറിച്ച് അഴിമതി തെളിയിച്ച വിധിയാണ്. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചാണ് കുറഞ്ഞ തുക രേഖപ്പെടുത്തിയ വ്യക്തിയെ ഒഴിവാക്കി, ലോറിയിൽ കുടിവെള്ളം വിതരണം ചെയ്തയാൾക്ക് ഉയർന്ന നിരക്കിൽ നിയമവിരുദ്ധമായി അന്നത്തെ മേയർ അജിത ജയരാജനും സ്ഥിരംസമിതി അധ്യക്ഷയായിരുന്ന എം.എൽ.റോസിയും എൽഡിഎഫ് നേതാക്കളും ചേർന്ന് ക്രമക്കേടിനു ഒത്താശ ചെയ്തത്.  ഇതുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിച്ചും  മുൻകാല പ്രാബല്യത്തിൽ കൃത്രിമ രേഖകൾ ഉണ്ടാക്കിയും ഗുരുതരമായ അഴിമതി കേസിൽ നിന്ന് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായും ഇവർ ആരോപിച്ചു.

ഓംബുഡ്സ്മാന്റെ തീർപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും യാഥാർഥ്യത്തെ വക്രീകരിച്ച് തിരഞ്ഞെടുപ്പു കാലത്ത് ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണു ചിലർ ശ്രമിക്കുന്നതെന്നും മേയർ പിന്നീടു പത്രക്കുറിപ്പ് ഇറക്കി.  പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനിൽരാജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലാലി ജയിംസ്, എൻ.എ.ഗോപകുമാർ, കൗൺസിലർമാരായ കെ.രാമനാഥൻ, ശ്യാമള മുരളീധരൻ, മേഫി ഡെൽസൺ, ലീല വർഗീസ്, നിമ്മി റപ്പായി, സുനിത വിനു, സിന്ധു ആന്റോ, ബിജെപി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളഞ്ചേരി, കൗൺസിലർമാരായ എൻ.പ്രസാദ്, പൂർണിമ സുരേഷ്, വി.ആതിര, കെ.ജി.നിജി, എൻ.വി.രാധിക എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.

‘എല്ലാ കരാറുകളും അന്വേഷിക്കണം’
തൃശൂർ ∙ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചാണു കോർപറേഷനിൽ വലിയ തുകയ്ക്കുള്ള കരാറുകൾ നൽകുന്നതെന്നു തെളിഞ്ഞ സാഹചര്യത്തിൽ 2016 മുതൽ ഒരു കോടി രൂപയ്ക്കു മുകളിൽ നൽകിയ എല്ലാ കരാറുകളും കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോർപറേഷൻ കുടിവെള്ള വിതരണത്തിൽ അഴിമതി ആരോപിച്ച് പരാതി നൽകിയ കെ.ഡി.മാത്യു. കോർപറേഷനിൽ 2016–17ൽ കുടിവെള്ളം വിതരണം ചെയ്തതിൽ ഒരു കോടി രൂപയുടെ അഴിമതി ആരോപിച്ച് മാത്യു നൽകിയ പരാതിയാണ് ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്ന് ഓംബുഡ്സ്മാൻ തീർപ്പാക്കിയത്. കോർപറേഷനുണ്ടായ ഒരു കോടി രൂപയുടെ നഷ്ടത്തിനു കാരണക്കാരായ അന്നത്തെ മേയർ അജിത ജയരാജൻ, കൗൺസിലർ എം.എൽ.റോസി, സെക്രട്ടറി എന്നിവരോടു 35 ലക്ഷം രൂപ വീതം കെട്ടിവയ്ക്കാൻ കോടതി ഉത്തരവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com