ADVERTISEMENT

നായരങ്ങാടി ∙ ചാലക്കുടിക്കടുത്ത് നായരങ്ങാടി രാമത്തിലെ മിക്ക വീടുകൾക്കു മുന്നിലും ഒരു തണ്ടിക കാണാം. മുറ്റത്തിനോടു ചേർത്തു ചെറിയ മുഴക്കോലുകൾ പാകി അതിനു മുകളിൽ ഓല മറച്ചു കെട്ടുന്നതാണു തണ്ടിക. ആ വീടുകളിലെ അടുപ്പുകളിൽ തീ പുകയുന്നതു ഈ തണ്ടികകളിൽ ഇരുന്ന് അവർ നെയ്ത കുട്ടയും മുറവും വിറ്റു കിട്ടുന്ന പണം കൊണ്ടാണ്. സാംബവ സമുദായക്കാരായ അവരുടെ കുലത്തൊഴിലാണു കുട്ടനെയ്ത്ത്. മുറം, കുട്ട, കയിലുകൊട്ട, തൊപ്പിക്കുട, ചോറ്റുകുട്ട, തൊട്ടി, തേവുകുട്ട എന്നിവ നെയ്തു വീടുകളിൽ കൊണ്ടു നടന്നു വിറ്റാണ് 50 വർഷം മുൻപു വരെ അവർ ജീവിച്ചിരുന്നത്. ഒരാൾ ദിവസം നാലോ അഞ്ചോ കുട്ടകൾ നെയ്യും.

അന്ന് എല്ലാ വീടുകളിലും കുട്ടയും മുറവുമൊക്കെ ആവശ്യമായിരുന്നു. അലുമിനിയം പാത്രങ്ങൾ അടുക്കള കയ്യേറുന്നതിനു മുൻപ് സാംബവ സമുദായക്കാരുടെ കുട്ടയും മുറവുമാണ് അടുക്കള ഭരിച്ചത്. പിന്നീടു സ്ഥിതി മാറി. പ്ലാസ്റ്റിക്കിന്റെ വരവോടെ ഈറ്റ കൊണ്ടുണ്ടാക്കുന്ന ഉൽപന്നങ്ങൾ ആർക്കും വേണ്ടാതായി. അങ്ങനെ കുട്ടകൾക്കും മുറങ്ങൾക്കും ആവശ്യക്കാരില്ലാതായി. എന്നാൽ പൂർവികരിൽ നിന്നു കൈമാറിക്കിട്ടിയ കൈത്തൊഴിൽ കൈവിടാൻ കൂട്ടാക്കാതെ ഇന്നും തണ്ടികകളിൽ ഇരുന്നു കുട്ടയും മുറവും നെയ്യുന്നവരുണ്ട് നായരങ്ങാടിയിൽ. സുബ്രൻ, ഉണ്ണിക്കൃഷ്ണൻ, ജാനു, തങ്കമ്മ, ചെറിയൻ എന്നിവരാണു ഗ്രാമത്തിലെ കുട്ട നെയ്ത്തുകാർ. 

ഉൽപന്നങ്ങൾക്കു വിപണി ഇല്ലാത്തതാണ് ഇവരെ ബുദ്ധിമുട്ടിക്കുന്നത്. മാത്രമല്ല, പണ്ടു കാട്ടിൽ നിന്നു യഥേഷ്ടം ഈറ്റ വെട്ടാമായിരുന്നു. ഇന്നതു കഴിയില്ല. അങ്കമാലി ബാംബൂ കോർപറേഷനിൽ നിന്നാണ് ഈറ്റ ശേഖരിക്കുന്നത്. ഒരു കെട്ടിന് 350 രൂപ. വണ്ടിയിൽ എത്തിക്കുന്നതിനുള്ള ചെലവും കൂടിയാവുമ്പോൾ 4 കെട്ട് ഈറ്റ കൊണ്ടുവരാൻ 800 രൂപ വരും. ചീകി വെള്ളത്തിലിട്ടു മയം വരുത്തി അലകും വള്ളിയും തിരിക്കും. പിന്നെയാണു നെയ്ത്ത്. 3 മണിക്കൂർ കൊണ്ടു 2 കുട്ട നെയ്യാം. 160 രൂപയാണ് ഒരു കുട്ടയ്ക്കു കിട്ടുക. കുറച്ചു നാൾ മുൻപു വരെ നെയ്ത്തുകാരെ സഹായിക്കുന്നതിനു നായരങ്ങാടിയിൽ സൊസൈറ്റി ഉണ്ടായിരുന്നു. വലിയ മെച്ചമില്ലാതായപ്പോൾ അതും നിലച്ചു.

ഇന്നു കുട്ട നെയ്യുന്നവർ 60ന് മുകളിൽ പ്രായമുള്ളവരാണ്. ഇവരുടെ കാലശേഷം ഈ തൊഴിൽ ചെയ്യാൻ ഗ്രാമത്തിൽ ആരും ഉണ്ടാവാനിടയില്ല. ഉൽപന്നങ്ങൾക്കു വിപണി വേണമെന്നതാണു ഇവരുടെ ആവശ്യം. നല്ല വിപണി ലഭിക്കുമെങ്കിൽ ഒരു പക്ഷേ പുതിയ തലമുറയിൽ ആരെങ്കിലും ഈ തൊഴിലിലേക്കു വന്നേക്കാമെന്നു ഇവർക്കു പ്രതീക്ഷയുണ്ട്. കുലത്തൊഴിൽ സംരക്ഷിക്കാൻ വേറെ മാർഗമില്ല.പ്ലാസ്റ്റിക്കിനെതിരെ പോരാടുന്ന ലോകത്തിനു മുന്നിൽ വയ്ക്കാവുന്ന ഉൽപന്നങ്ങളാണു ഈറ്റ കൊണ്ട് ഇവർ ഉണ്ടാക്കുന്നത്. പഴമയുടെ നന്മ സ്വീകരിക്കാൻ തയാറുള്ളവരും ഇതു സ്വീകരിക്കും. വിപണി ഒരുക്കാൻ സർക്കാർ തയാറായാൽ ഈ തൊഴിൽ അറിയുന്ന അറിയപ്പെടാത്ത ഗ്രാമങ്ങളിലുള്ള  നെയ്ത്തുകാർക്ക് അതു ജീവിതമാർഗമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com