ADVERTISEMENT

കൊടുങ്ങല്ലൂർ ∙ മത്സ്യ ക്ഷാമം മൂലം വള്ളങ്ങൾ കടലിൽ ഇറങ്ങിയിട്ട്  ഒരു മാസം പിന്നിട്ടു. കറിക്കു പോലും മീൻ ലഭിക്കാതായതോടെ വള്ളങ്ങൾ തീരത്തു കെട്ടിയിട്ടിരിക്കുകയാണ്. ചൂട് കൂടിയതോടെ കടലിൽ മത്സ്യം കുറഞ്ഞതായി തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. ഡീസൽ – മണ്ണെണ്ണ വില വർധന പ്രതിസന്ധിയുടെ ആഴം കൂട്ടി. കൂലിച്ചെലവ് പോലും ലഭിക്കാതായി. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തീരാദുരിതമാണു നേരിടുന്നത്.  മത്സ്യ അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ പതിനായിരത്തിലേറെ കുടുംബങ്ങൾ ജില്ലയുടെ തീരത്തു നരകയാതന അനുഭവിക്കുകയാണ്. സർക്കാർ രേഖകൾ പ്രകാരം ജില്ലയിൽ 10436 തൊഴിലാളികളുണ്ട്. എന്നാൽ, പ്രത്യക്ഷമായും പരോക്ഷമായും 25,000 ലേറെ തൊഴിലാളികളാണു മേഖലയിൽ തൊഴിലെടുക്കുന്നത്. അനുബന്ധ തൊഴിലാളികളും ഏറെയുണ്ട്. വിവിധ തരം ബോട്ടുകൾക്കു പുറമേ 50– 60 തൊഴിലാളികൾ ജോലി ചെയ്യുന്ന ഇൻബോർഡ് എൻജിൻ വള്ളങ്ങൾ,  ഡപ്പ, മൂടിവെട്ടി, ഫൈബർ വള്ളങ്ങൾ, ചെറുവഞ്ചി എന്നിവയുമുണ്ട്.  ഇവ 90 ശതമാനവും ഒരു മാസത്തിലേറെയായി കരയിലാണ്. 

വലിയ വള്ളങ്ങൾ പോകാത്ത സമയങ്ങളിൽ ചെറു വള്ളങ്ങൾ കടലിൽ ഇറക്കാറുണ്ട്. പി. വെമ്പല്ലൂർ ആറ്റുപുറം, ലോറിക്കടവ്, കാര എന്നിവിടങ്ങളിൽ നിന്നു ചെറുവള്ളങ്ങൾ പോലും മാസങ്ങളായി കടലിൽ ഇറങ്ങുന്നില്ല. കാര, പുതിയറോഡ് എന്നിവിടങ്ങളിലായി നൂറിലേറെ ചെറു വള്ളങ്ങളാണു കടലിലിറങ്ങാറുള്ളത്. ഏതാനും ആഴ്ചകളായി ഇൗ വള്ളങ്ങൾ എല്ലാം കരയിലാണ്. ഒരു മൂടു വെട്ടി വള്ളം കടലിൽ ഇറക്കാൻ ചുരുങ്ങിയത് 2500 രൂപ മണ്ണെണ്ണ ചെലവ് വരും. മൂന്നോ നാലോ തൊഴിലാളികളും ഉണ്ടാകും. കഴി‍ഞ്ഞ ദിവസം ഒരു വള്ളത്തിന് ലഭിച്ചത് 600 രൂപയുടെ മീൻ മാത്രമാണെന്ന് ആറ്റുപുറം പാണ്ടികശാലക്കൽ ബാബു, രാമത്ത് വേണുജിത്ത് എന്നിവർ പറഞ്ഞു. ആഴ്ചകളായി കടലിൽ പോയിട്ടില്ലെന്നു ചെട്ടിപറമ്പിൽ ശൃംഗനും കോഴിപറമ്പിൽ ബാബുട്ടനും അറിയിച്ചു. സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നു തൊഴിലാളികൾ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com