ADVERTISEMENT

അടിച്ചില്ലി ∙ ഉച്ചയ്ക്കു 3 മണി വരെ അവർ 4 സ്ത്രീകൾ വീതം കഥ പറഞ്ഞ് അങ്ങനെ ഇരിക്കും. ചുമ്മാ കഥ പറച്ചിൽ മാത്രമല്ല, ഒപ്പം നാലു കാശുമുണ്ടാക്കും. കഥ പറച്ചിലിനൊപ്പം ചക്ക ചുള പറിക്കൽ കൂടെ നടത്തും അവർ. ചാലക്കുടിക്കടുത്ത് അടിച്ചില്ലിയിൽ ചെന്നാൽ കാണാം, പലയിടത്തായി വീടുകളുടെ മുന്നിൽ സ്ത്രീകൾ ഇരുന്നു ചക്ക ചുള പറിക്കുന്നത്.

ചക്ക സീസൺ ആയാൽ അവിടത്തെ സ്ത്രീകളുടെ വരുമാന മാർഗം കൂടിയാണ് ഇത്. പലയിടത്തു നിന്നായി ചക്ക ഇവിടേക്ക് എത്തിക്കും. എറണാകുളം ജില്ലയിലെ മൂക്കന്നൂരിൽ പ്രവർത്തിക്കുന്ന ചക്ക ചിപ്സ് പ്രൊഡക്‌ഷൻ കമ്പനിയിലേക്കാണു ചുള വേർതിരിച്ച ചക്ക എത്തിക്കുന്നത്. അവിടെ ചക്കയുടെ വിവിധ വിഭവങ്ങൾ തയാറാകും. നന്നായി പാക്ക് ചെയ്ത വിഭവങ്ങൾ വിപണിയിലേക്ക്.  

അടിച്ചില്ലിയിൽ ഏകദേശം 40ലധികം സ്ത്രീകൾ ചക്ക ചുള വേർതിരിക്കുന്ന ജോലി ചെയ്യുന്നുണ്ട്. രാവിലെ 7.30 മുതൽ വൈകിട്ട് 3 വരെയാണു ജോലി. ഒരു ചക്കയുടെ ചുള വേർതിരിച്ച് അരിഞ്ഞു കൊടുക്കുന്നതിന് 30 രൂപയാണു പ്രതിഫലം. ദിവസം ഒരാൾ 4 ചക്കയുടെ ചുള വേർതിരിക്കും. 11 മണി വരെ ചുള പറിക്കൽ കഴിഞ്ഞാൽ പിന്നെ ചുള അരിയലാണ്. വറുക്കാൻ പാകത്തിനാണ് അരിയേണ്ടത്. 3 മണിയോടെ അരിഞ്ഞ ചക്ക, ചിപ്സ് പ്രൊഡക്‌ഷൻ കമ്പനിയിയിലെ ജീവനക്കാർ കൊണ്ടുപോകും.

ചക്കക്കുരുവും കൊണ്ടുപോകും. ബാക്കി വരുന്ന ചക്കയുടെ മടൽ അടിച്ചില്ലിയിലെ കർഷകർ നാൽക്കാലികൾക്കു കൊടുക്കും. ചക്ക സീസൺ തുടങ്ങുന്ന ജനുവരി മുതൽ ഓണക്കാലമായ സെപ്റ്റംബർ വരെ ചക്ക ചുള പറിക്കുന്നവർക്കു ചെറിയ തോതിലുള്ള വരുമാനമാർഗം ആണ് ഇത്. ദിവസവും ഏകദേശം 7 ടൺ ചക്ക അടിച്ചില്ലിയിൽ വറുക്കാൻ പാകത്തിൽ അരിഞ്ഞെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com