ADVERTISEMENT

ആറാട്ടുപുഴ ∙ ദേവമേള എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിന് പ്രൗഢഗംഭീരമായ തുടക്കം.  വൈകിട്ട് 6.30 ന് ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിേഥയത്വം വഹിക്കാനും ശാസ്താവ്  പുറത്തേക്കെഴുന്നള്ളി.  250 ലേറെ വാദ്യകലാകാരൻമാർ  അവതരിപ്പിച്ച പഞ്ചാരിമേളം മേളപ്രേമികളെ ആവേശത്തിലാക്കി. മേളംകലാശിച്ച ശേഷം ശാസ്താവ് ഏഴുകണ്ടംവരെ പോയി. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നാരായാനായിരുന്ന യാത്ര. മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ആതിഥ്യമരുളിനിന്നു.  തുടർന്ന് എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാട് നിൽക്കാൻ ഉത്തരവാദിത്വമേൽപിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്കെഴുന്നളളി. 

ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളുന്ന തൃപ്രയാർ തേവർ പള്ളിയോടത്തിൽ പുഴ കടന്നു തൃപ്രയാർ കിഴേക്കനടയിൽ ഇന്നലെ രാത്രി എത്തിയപ്പോൾ പൊലീസ് 
ഗാർഡ് ഓഫ് ഓണർ നൽകുന്നു.
ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളുന്ന തൃപ്രയാർ തേവർ പള്ളിയോടത്തിൽ പുഴ കടന്നു തൃപ്രയാർ കിഴേക്കനടയിൽ ഇന്നലെ രാത്രി എത്തിയപ്പോൾ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു.

രാത്രി 11 ഓടെ തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തകുടം ശാസ്താവ് എളുന്നള്ളി. 12 ന്എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ്. തുടർന്ന് അന്തിക്കാട് ചൂരക്കോട് ഭഗവതിമാർ എഴുന്നെളളി. ഒന്നോടെ പൂനിലാർക്കാവ്, കടുപ്പശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ എഴുന്നെളളിയെത്തി. ഇതോടെ വൈകുണ്ഠ ദർശനപുണ്യം നൽകുന്ന കൂട്ടിയെഴുന്നള്ളിപ്പിലെ നായകൻ തൃപ്രയാർ തേവർക്കായി  ജനസഹസ്രങ്ങൾ കാത്തിരിപ്പ് ആരംഭിച്ചു. ഈ സമയം കൂട്ടിയെഴുന്നെള്ളിപ്പ് വലം വച്ച് തൊഴുവാൻ പതിനായിരകണക്കിന് ഭക്തർ പൂരപ്പാടത്തേക്കൊഴുകിയെത്തി തുടങ്ങി.

ഗ്രാമബലി ഇന്ന് 
ആറാട്ടുപുഴ ∙ ശാസ്താവിന്റെ ഗ്രാമബലി ഇന്ന് രാത്രി 9 ന് ആരംഭിക്കും. ശാസ്താവ് ഗോപുരത്തിലും വില്ലൂന്നിതറയിലും ബലിതൂവും. തുടർന്ന് കൈതവളപ്പ്, പല്ലിശേരി കവല, തേവർ റോഡ്  ജം‌ക്‌ഷൻ, കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം, കിടായികുളങ്ങര, അയിനിക്കാട് , മുത്തുള്ളിയാൽ, ചേർപ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം, പിടിക്കപറമ്പ്, പിഷാരിക്കൽ ക്ഷേത്രങ്ങളിലും കവലകളിലും ബലി തൂവും.

പിഷാരിക്കൽ കടവിൽ നിന്നും  വഞ്ചിയിൽ  കൂടി പുഴ കടന്ന്  പുഴയ്ക്ക്  അക്കരെ  മുളങ്ങ് തുടങ്ങിയ ക്ഷേത്രത്തിലും മറ്റും ബലി തൂവി വഞ്ചിയിൽ തന്നെ  ആറാട്ടുപുഴ  ശാസ്താം കടവിൽ  ഇക്കരയിലേക്ക് കടന്ന് ക്ഷേത്രത്തിൽ  എത്തി ക്ഷേത്രപാലകന് ബലി തൂവി ഗ്രാമബലി അവസാനിപ്പിക്കും. തുടർന്ന് ശാസ്താവിനെ ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നെള്ളിച്ചതിനുശേഷം കൊടിയിറക്കി കൊടിമരം മാറ്റി വടക്കേനടയിൽ  മതിൽ കെട്ടിനോട് ചേർത്തിടും. ഇതോടെ ഈ വർഷത്തെ  പൂരം ചടങ്ങുകൾ സമാപിക്കും.

ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനുശേഷം ഇടഞ്ഞ ആനകൾ കൊമ്പുകോർത്തപ്പോൾ
ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനുശേഷം ഇടഞ്ഞ ആനകൾ കൊമ്പുകോർത്തപ്പോൾ

തറയ്ക്കൽ പൂരം രണ്ട് ആനകൾ ഇടഞ്ഞോടി 
ആറാട്ടുപുഴ ∙ തറയ്‌ക്കൽ പൂരം കഴിഞ്ഞ് ഉപചാരം ചൊല്ലുന്നതിനിടെ രണ്ട് ആനകൾ ഇടഞ്ഞു കൊമ്പുകോർക്കുകയും ജനക്കൂട്ടത്തിനിടയിലൂടെ 2 കിലോമീറ്ററോളം ഓടുകയും ചെയ്തു. പരിഭ്രമിച്ച് ഓടി വീണ് ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. നൂറുകണക്കിനുപേർ റോഡരികിലും പരിസരത്തുമായി നിന്നിരുന്നെങ്കിലും ആനകൾ ആരെയും ഉപദ്രവിച്ചില്ല. ഊരകത്തമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്‌ണനും ആറാട്ടുപുഴ ശാസ്‌താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അർജുനനുമാണ് രാത്രി പത്തരയോടെ കൊമ്പുകോർത്തത്. രവികൃഷ്ണന്റെ പാപ്പാൻ ശ്രീകുമാർ നിലത്തുവീണെങ്കിലും കൊമ്പുകൾക്കിടയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. 

രവികൃഷ്ണന്റെ മുകളിലിരുന്ന രാപ്പാൽ നടുവത്ത് മന നാരായണനു വീണു പരുക്കേറ്റു. ആനയെ തടയാൻ ശ്രമിക്കുന്നതിനിടെ കാലിൽ ആനയുടെ ചവിട്ടേറ്റ എലിഫന്റ് സ്ക്വാഡിലെ പെരുവല്ലൂർ സ്വദേശി ജിഷ്ണു(28)വിനും പരുക്കുണ്ട്. ഓടി വീണ് പരുക്കേറ്റ ഒട്ടേറെപ്പേർ സമീപത്തെ ആശുപത്രികളിലെത്തി ചികിത്സ തേടി മടങ്ങി.രണ്ട് കൊമ്പന്മാരും ഓടി ആറാട്ടുപുഴ തൊട്ടിപ്പാൾ മുളങ്ങ്‌ ഭാഗം വരെ ഓടിയശേഷം നിന്നു. ഇവരെ പിന്നീട് പാപ്പാന്മാർ തന്നെ തളച്ചശേഷം സ്ഥലത്തുനിന്നു കൊണ്ടുപോയി.

ആറാട്ടുപുഴ ദേവമേള: തേവർ എഴുന്നള്ളി 
തൃപ്രയാർ ∙ ആറാട്ടുപുഴ ദേവമേളയ്ക്ക് തേവരുടെ രാജകീയ എഴുന്നള്ളിപ്പ്. വൈകിട്ട് നിയമവെടി കഴിഞ്ഞതോടെ പുറപ്പെടൽ ചടങ്ങിന്റെ ഒരുക്കങ്ങളായി. ചേങ്ങിലപ്പുറത്തു വച്ച തേവരുടെ സ്വർണക്കോലത്തിലുള്ള തിടമ്പുമായി പള്ളിയോടത്തിൽ തൃക്കോൽ ശാന്തി രതീഷ്, കിഴക്കെ കരയിലേക്കു തുഴഞ്ഞു. മണ്ഡപത്തിൽ ഇറക്കിയെഴുന്നള്ളിച്ചു. ഭക്തരുടെ കണിക്ക അർപ്പണത്തിന് ശേഷം തേവരുടെ തിടമ്പ് കൊമ്പൻ ചന്ദ്രശേഖരന്റെ പുറത്തുകയറ്റിയതോടെ രാജകീയയാത്രയ്ക്കു തുടക്കമായി.

ഈ സമയം പൊലീസ് തേവർക്ക് ഗാർഡ് ഓഫ് ഓണർ നൽകി. നൂറുകണക്കിന് ‌ഭക്തർ അകമ്പടിയായുള്ള യാത്ര ചിറക്കലിൽ എത്തിയപ്പോൾ കൊമ്പനെയും കോലത്തിലെ മാലയും മാറ്റി. ഇരിങ്ങാലക്കുട കൂടൽമണിക്യം ക്ഷേത്രത്തിൽ നിന്ന് എത്തിച്ച താമരമാല ചാർത്തിയാണ് തുടർന്നുള്ള യാത്ര. 

കൊമ്പൻ മീനാട് കേശു തേവരുടെ കോലം വഹിച്ചു. പല്ലിശ്ശേരി സെന്ററിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പനായ എറണാകുളം ശിവകുമാറിന് വഹിക്കാൻ സ്വർണക്കോലം കൈമാറി. 5 ആനകളോടെ പഞ്ചവാദ്യം കഴിഞ്ഞ്, 11 ആനകളോടെ പൂരപ്പാടത്ത് തേവർ എത്തിച്ചേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com