ADVERTISEMENT

ചേലക്കര ∙ തട്ടക ദേശങ്ങളുടെ ആവേശമേറ്റിയെത്തിയ കാളവേലകൾ അന്തിമഹാകാളൻ കാവിനു മുന്നിൽ വർണക്കാഴ്ചകൾ വിടർത്തി. മീനച്ചൂടിനൊത്തുയർന്ന ആവേശത്തോടെ ദേശക്കാവുകളിൽ നിന്നു കാളപ്പാട്ടിന്റെ ഈണത്തിലും അസുരവാദ്യത്തിന്റെ താളത്തിലും തുള്ളിത്തുടിച്ചെത്തിയ നാട്ടുവേലകൾക്കൊപ്പം കാവിനു മുന്നിലെ പാടത്തു സംഗമിച്ചവർ ഉത്സവാവേശത്താൽ ആർപ്പുവിളിച്ചു.  ആനയില്ലാ വേലയ്ക്ക് ആയിരമഴകേകി കാളവേലകൾ കാവുവട്ടത്തു നിറഞ്ഞാടി.വെടിക്കെട്ടില്ലാഞ്ഞിട്ടും വീട്ടുകാരും വിരുന്നുകാരുമൊത്തു കാവിനു മുന്നിലെത്തിയ തട്ടകത്തുകാർ വേലസന്ധ്യയിലെ വർണക്കാഴ്ചകളിലലിഞ്ഞു.

ചേലക്കര അന്തിമഹാകാളൻകാവ് വേലയോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന പഞ്ചവാദ്യം
ചേലക്കര അന്തിമഹാകാളൻകാവ് വേലയോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന പഞ്ചവാദ്യം

പങ്ങാരപ്പിള്ളി ദേശം പരിഹാരം ശിവക്ഷേത്രത്തിൽ നിന്നു പകൽ വേല തുടങ്ങി വൈകിട്ട് കാവിലെത്തി കുനിശേരി അനിയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം നടത്തി.  വെങ്ങാനെല്ലൂർ-ചേലക്കോട് ദേശത്തിന്റെ പകൽ വേല ചേലക്കോട് അന്തിമഹാകാളൻ കാവിൽ നിന്നും രാത്രി വേല വെങ്ങാനെല്ലൂർ ശിവ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു കാവണഞ്ഞു. കുറുമല ദേശം സന്ധ്യയ്ക്കു കാവിൽ തിരുവല്ല രാധാകൃഷ്ണന്റെ പ്രമാണത്തി‍ൽ മേളം നടത്തി. തോന്നൂർക്കര ദേശം കളം അന്തിമഹാകാളൻ കാവിൽ നിന്നു രാത്രി കലാമണ്ഡലം സോമന്റെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ പുറപ്പെട്ട് എലിയപ്പറ്റ അന്തിമഹാകാളൻ കാവിൽ സമാപിച്ചു.

ചേലക്കര ദേശം രാവിലെ ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം നടത്തി. പകൽ കോളത്തൂർ സുബ്രമണ്യ ക്ഷേത്രത്തിൽ നിന്ന് പാണ്ടിമേളവും പുലാക്കോട് വടക്കുംകോട്ട അന്തിമഹാകാളൻ കാവിൽ നിന്നു കാളവേലയും പുറപ്പെട്ടു കാവിലെത്തി.  രാത്രി വേല എലിയപ്പറ്റ കാവിൽ നിന്നും പുലാക്കോട് വടക്കുംകോട്ട കാവിൽ നിന്നും തുടങ്ങി.വേലയുടെ മുഖ്യചടങ്ങായ ദാരികവധം കളമെഴുത്തു പാട്ട് നടക്കുന്ന വട്ടുള്ളി മല്ലിശേരി കാവിൽ നിന്ന് അർധരാത്രി തേർത്തട്ടിലേന്തിയെത്തുന്ന കാളി–ദാരികൻമാർ ഇന്നു രാവിലെ കാവിനു മുന്നിൽ സംവാദം നടത്തും. കാള–കുതിര വേലകൾ കാവുകയറി കളിച്ചു പിൻവാങ്ങിയ ശേഷം ഉച്ചയോടെ കാളിയുടെ ദാരികവധം ചടങ്ങു നടക്കും.

കാവശേരി പൂരത്തിന്റെ വെടിക്കെട്ടിനു പോകുന്നവരുടെ വാഹനങ്ങളെത്തിയതു മൂലം ഇന്നലെ ഉച്ചയ്ക്കു പഴയന്നൂർ ടൗണിലുണ്ടായ 
ഗതാഗതക്കുരുക്ക്
കാവശേരി പൂരത്തിന്റെ വെടിക്കെട്ടിനു പോകുന്നവരുടെ വാഹനങ്ങളെത്തിയതു മൂലം ഇന്നലെ ഉച്ചയ്ക്കു പഴയന്നൂർ ടൗണിലുണ്ടായ ഗതാഗതക്കുരുക്ക്

കത്തിച്ചുവിട്ടു, കാവശേരിക്ക്
ചേലക്കര∙ അന്തിമഹാകാളൻകാവ് വേലയുടെ വെടിക്കെട്ടിന് അനുമതി ലഭിക്കാതായതോടെ പൂരപ്രേമികളിലേറെയും പാലക്കാട് കാവശേരി പൂരം കാണാൻ പോയി.  കഴിഞ്ഞവർഷം പാതിരയോളം കാത്തുനിന്ന ശേഷമാണു വെടിക്കെട്ടില്ലെന്ന് അറിഞ്ഞത്. ഇത്തവണ നേരത്തെ വിവരമറിഞ്ഞതിനാൽ കാവശേരി പൂരത്തിന്റെ വെടിക്കെട്ടു കാണാൻ തീരുമാനിക്കുകയായിരുന്നു. ഉച്ചയ്ക്കും രാത്രിയിലും കാവശേരിയിൽ വെടിക്കെട്ട് നടന്നു. പൂരപ്രേമികളുടെ വാഹനങ്ങളെത്തിയതു മൂലം കാവശേരിയിൽ നിന്ന് 13 കിലോ മീറ്റർ ദൂരത്തുള്ള പഴയന്നൂർ ടൗണിൽ ഇന്നലെ ഉച്ചയ്ക്ക് ഏറെ നേരം ഗതാഗതക്കുരുക്കുമുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com