ADVERTISEMENT

ശ്രീനാരായണപുരം ∙ പഞ്ചായത്തിലെ ആല ഗോതുരുത്തിൽ പൊതു ടാപ്പുകളിൽ വെള്ളം നൂലു പോലെ. ജല അതോറിറ്റി പൈപ്പിലൂടെ വെള്ളം എത്തിയത്  25-ാം ദിവസം.  ജലക്ഷാമം രൂക്ഷമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കുകളിൽ വെള്ളം വിതരണം തുടങ്ങി. ചുറ്റും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട തെക്കേ ഭാഗം, സ്കൂളിനു വടക്കു ഭാഗം എന്നിവിടങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്. തെക്കേ ഭാഗത്ത് ജല അതോറിറ്റി പൈപ്പ് റോഡിൽ താഴ്ന്നതു മൂലം വെള്ളം ലഭിക്കുന്നില്ല.  ഗോതുരുത്തിലെ 90 ശതമാനം വീട്ടുകാരും പൈപ്പുകളെയാണ് ആശ്രയിക്കുന്നത്.

പക്ഷേ ദിവസം പിന്നിടുന്തോറും  ഗോതുരുത്തിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാവുകയാണ്. ഉയർന്ന പ്രദേശത്തേക്കു പൈപ്പിൽ വെള്ളം എത്തുന്നില്ല. ഹൗസ് കണക്‌ഷൻ ഇല്ലാത്ത 75 വീട്ടുകാർ ആശ്രയിക്കുന്നതു പൊതു പൈപ്പിനെയാണ്. ഇൗ പൈപ്പുകളിലും വെള്ളമില്ല. പൊതു ടാപ്പുകൾക്കു വേണ്ടി ജല അതോറിറ്റിക്കു പഞ്ചായത്ത് മാസം തോറും 3.64,000 രൂപ അടയ്ക്കുന്നുണ്ട്. എന്നാൽ, പൈപ്പുകളിൽ പലപ്പോഴും കാറ്റ് മാത്രമാണുള്ളതെന്നു നാട്ടുകാർ പറയുന്നു. സാധാരണ ഏപ്രിൽ മാസം മുതലാണ് പഞ്ചായത്ത് വെള്ളം വിതരണം ചെയ്യാറുള്ളത്. ഇക്കുറി ചൂട് കൂടിയതോടെ നേരത്തെ തന്നെ വെള്ളം വിതരണം ചെയ്യാൻ പഞ്ചായത്ത് തയാറായി.

ടാങ്കുകളിൽ വെള്ളം വിതരണത്തിനു മാസം ആറു ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിക്കുന്നത്. തുരുത്തിന്റെ സ്കൂളിനു വടക്കു ഭാഗത്തു നിന്ന് പുഴ കടന്നു കരൂപ്പടന്നിൽ പോയി വെള്ളം കൊണ്ടുവരുന്നവർ ഏറെയാണ്. ചിലർ  കിഴക്കു ഭാഗത്തു പോയി വെള്ളം എത്തിക്കും. 1986 ൽ ആസൂത്രണം ചെയ്ത നാട്ടിക ഫർക്ക ശുദ്ധജലപദ്ധതിയുടെ ഭാഗമായാണു ഇവിടേക്ക് വെള്ളം വിതരണം ചെയ്യുന്നത്.പഞ്ചായത്തിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനു ജലജീവൻ പദ്ധതി പ്രകാരം പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയുള്ള പദ്ധതി പൂർത്തിയായാൽ മാത്രമേ ശാശ്വത പരിഹാരം കാണാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com