ADVERTISEMENT

തൃശൂർ ∙ പൂരത്തോടനുബന്ധിച്ചു തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങൾ ചേർന്നു വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ കിഴക്കേനടയ്ക്കു സമീപം സംഘടിപ്പിക്കുന്ന പൂരം പ്രദർശനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. അടുത്താഴ്ച കോഓർഡിനേഷൻ കമ്മിറ്റിയുടെ യോഗം ചേർന്നു ഏപ്രിൽ 19, 20 തീയതികളിലായി നടക്കുന്ന തൃശൂർ പൂരം കുറ്റമറ്റതാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്നു മന്ത്രി പറഞ്ഞു. മേയർ എം.കെ. വർഗീസ് അധ്യക്ഷനായിരുന്നു.

അതേസമയം കൊച്ചിൻ ദേവസ്വം ബോർഡിനു ദേവസ്വങ്ങൾ നൽകേണ്ട പ്രദർശന വാടക സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ്‌ നിലനിൽക്കുന്ന സാഹചര്യത്തിൽ അന്തിമതീരുമാനം വിധി വന്നതിനു ശേഷമാകും. ഇരു ദേവസ്വങ്ങളുടെയും നേതൃത്വത്തിലുള്ള 61–ാം പ്രദർശനമാണിത്. മേയ് 22ന് സമാപിക്കും. 180 സ്റ്റാളുകളും എഴുപതിലധികം പവിലിയനുകളുമാണ് ഇത്തവണ പൂരം പ്രദർശന നഗരിയിൽ ഒരുങ്ങുന്നത്. റോബട്ടിക്സ് മൃഗങ്ങളുടെ പ്രദർശനവും സൂപ്പർ റിയാലിറ്റി ഡോം തിയറ്ററുമാണ് ഈ വർഷത്തെ പ്രത്യേകത. എല്ലാ ദിവസവും വൈകിട്ട് പ്രദർശന നഗരിയിലെ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

 മന്ത്രി ആർ.ബിന്ദു, ടി.എൻ.പ്രതാപൻ എംപി, പി.ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ, പ്രദർശന കമ്മിറ്റി പ്രസിഡന്റ് എ.രാമകൃഷ്ണൻ, സെക്രട്ടറി പി.എ. വിപിൻ, കൗൺസിലർ പൂർണിമ സുരേഷ് എന്നിവർ പ്രസംഗിച്ചു.

പ്രവേശനം ഇങ്ങനെ
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയാണു പ്രവേശനം. പൂരത്തിന്റെ തലേന്ന് ഏപ്രിൽ 18ന് രാവിലെ 10 മുതൽ രാത്രി 11 വരെയും പൂരം ദിവസം 10 മുതൽ ഉച്ചയ്ക്കു 2 വരെയുമാണു പ്രവേശനം. സാധാരണ ദിവസങ്ങളിൽ 35 രൂപയും പൂരം ദിവസങ്ങളിൽ 50 രൂപയുമാണു പ്രവേശന ടിക്കറ്റ് നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com