ADVERTISEMENT

തൃശൂർ ∙ റേഷൻകടകളിൽ അടുത്ത ദിവസങ്ങളിൽ പൊരിഞ്ഞ തിരക്കിനു സാധ്യത. മാസംതീരാൻ 3 പ്രവൃത്തിദിവസം മാത്രം ശേഷിക്കെ പലയിടത്തും കടകളിലേക്കു റേഷൻ സാധനങ്ങൾ പൂർണതോതിലെത്തിയിട്ടില്ല എന്നതാണു പ്രശ്നം. ഈ മാസത്തെ വിതരണം 31 വരെയുണ്ടെങ്കിലും 28, 29, 31 തീയതികളിൽ പൊതു അവധിയായതിനാൽ ഇന്നും നാളെയും ശനിയാഴ്ചയും കൂടി മാത്രമേ വിതരണം നടത്താനാകൂ. 

ഇതിനകം എല്ലാ റേഷൻ കടകളിലും അരിയടക്കമുള്ള സാധനങ്ങൾ പൂർണമായി എത്തിക്കാൻ കഴിയുമോ എന്നതും സംശയമാണ്. വിതരണം നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ചില്ലെങ്കിൽ ഒട്ടേറെപ്പേർക്കു റേഷൻ നഷ്ടപ്പെടും. ഗോഡൗണുകളിൽ നിന്നു റേഷൻകടകളിലേക്കു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കരാറുകാർ പ്രതിഫലക്കുടിശികയുടെ പേരിൽ വിതരണം നിർത്തിവച്ചിരുന്നു. 

ഈ മാസം ഒന്നിന് ആരംഭിക്കേണ്ടിയിരുന്ന വിതരണം 18ന് ആണ് തുടങ്ങാനായത്. സാധാരണ ഗതിയിൽ 15 ദിവസംകൊണ്ട് പൂർത്തിയാക്കേണ്ട വിതരണം കഴിഞ്ഞ 7 ദിവസത്തിനകം 70 ശതമാനത്തോളം പൂർത്തിയാക്കാൻ കഴിഞ്ഞതായി കരാറുകാർ പറയുന്നു. എന്നാൽ, പലയിടത്തും കടകളിൽ സാധനങ്ങൾ പൂർണതോതിലെത്തിയിട്ടില്ല. ഈസ്റ്ററടക്കമുള്ള ആഘോഷ സമയമായതിനാൽ റേഷൻ വാങ്ങാൻ ഇന്നും നാളെയുമായി ജനം കൂട്ടത്തോടെ റേഷൻ കടകളിലെത്താൻ സാധ്യതയുണ്ട്.

 പലയിടത്തും സ്റ്റോക്ക് കുറവാണെന്ന വിവരമറിയാതെ ജനമെത്തുമ്പോൾ തർക്കങ്ങൾക്കു സാധ്യതയുണ്ട്. താറുമാറായ മസ്റ്ററിങ്ങിന്റെ പേരിൽ റേഷൻകടകളിലുണ്ടായ ഒച്ചപ്പാടും ബഹളവും ഒതുങ്ങിയിട്ടേയുള്ളൂ. റേഷൻ സാധനങ്ങൾ അടിയന്തരമായി കടകളിലെത്തിക്കാൻ വ്യാപാരികൾ ഭക്ഷ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

വിതരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആയിരക്കണക്കിനു കുടുംബങ്ങൾക്കു റേഷൻ വിഹിതം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കാൻ സർക്കാർ ഇടപെടേണ്ടിവന്നേക്കും. ഒരാഴ്ച കൂടി റേഷൻ വിതരണം നീട്ടിനൽകണമെന്ന ആവശ്യം വ്യാപാരികളും ഉന്നയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com