പരീക്ഷാച്ചൂടൊഴിഞ്ഞു...;പിരിമുറുക്കത്തിനു സമാപനം
Mail This Article
തൃശൂർ ∙ മൂന്നാഴ്ച നീണ്ട എസ്എസ്എൽസി പരീക്ഷാച്ചൂടിന്റെ പിരിമുറുക്കത്തിനു സമാപനം. അവസാന പരീക്ഷയെഴുതി പുറത്തിറങ്ങിയ വിദ്യാർഥികൾ ആഹ്ലാദവും സ്നേഹവും സൗഹൃദവും പങ്കുവച്ചു പിരിഞ്ഞു. പരീക്ഷയവസാനിക്കുന്ന ദിവസങ്ങളിൽ ആഘോഷങ്ങൾ അതിരുവിടുന്ന സാഹചര്യമുണ്ടാകാറുള്ളതിനാൽ സ്കൂളുകളും പൊലീസും കർശന നിയന്ത്രണങ്ങൾ സ്വീകരിച്ചിരുന്നു. എന്നാൽ, എവിടെയും അനിഷ്ട സംഭവങ്ങളുണ്ടായില്ല.
ഓട്ടോഗ്രാഫുകളിലൂടെ സൗഹൃദം പങ്കുവച്ചും വസ്ത്രങ്ങളിൽ ആശംസാക്കുറിപ്പുകളെഴുതിയും വിദ്യാർഥികൾ സന്തോഷത്തോടെ സ്കൂൾവിട്ടുപോയി. മാർച്ച് 4നു പരീക്ഷ തുടങ്ങിയെങ്കിലും പൂർത്തിയാകാൻ മൂന്നാഴ്ചയെടുത്തതോടെ വിദ്യാർഥികളുടെ പിരിമുറുക്കവും നീണ്ടിരുന്നു.മുൻവർഷങ്ങളിൽ പരീക്ഷ തീരുന്ന ദിവസം ആഘോഷങ്ങൾ അതിരുവിട്ട് അക്രമങ്ങളിലെത്തുന്ന അവസ്ഥ പല സ്കൂളുകളിലുമുണ്ടായി.
ഈ സാഹചര്യം ആവർത്തിക്കാതിരിക്കാൻ പൊലീസും മുൻകരുതലെടുത്തിരുന്നു. പരീക്ഷ തീരുന്ന ദിവസം കുട്ടികളെ കൊണ്ടുപോകാൻ രക്ഷകർത്താക്കൾ എത്തണമെന്നു പല സ്കൂളുകളും നിർദേശം നൽകിയിരുന്നു. ഉച്ചയ്ക്ക് 12.15ഓടെ പരീക്ഷ തീർന്നു കുട്ടികൾ പുറത്തേക്കിറങ്ങിയതും ആഘോഷത്തിനു തുടക്കമായി. പചിലയിടങ്ങളിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി പരസ്പരം നിറങ്ങളണിയിച്ചും ആഘോഷം നടന്നു.