ADVERTISEMENT

പെരുമ്പിലാവ് ∙ നാലരക്കോടി രൂപ ചെലവിട്ടു പുതുതായി നിർമിച്ച റോഡ് ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി തകർന്നു. പെരുമ്പിലാവ് പട്ടാമ്പി റോഡിലെ ഇറക്കത്തിൽ ഇന്നലെ രാവിലെയാണു സംഭവം. റോഡിൽ ഒരടിയോളം താഴ്ചയുള്ള വലിയ കുഴി രൂപം കൊള്ളുകയും 15 മീറ്ററോളം നീളത്തിൽ മധ്യഭാഗത്തു വിള്ളൽ ഉണ്ടാകുകയും ചെയ്തു. ശക്തിയായി വെള്ളം പുറത്തേക്ക് ഒഴുകിയതോടെ ഗതാഗതം പൂർണമായി നിലച്ചു. പെരുമ്പിലാവ് സെന്ററിൽ നിന്നു നാട്ടുകാർ വാഹനങ്ങളെ വഴിതിരിച്ചു വിട്ടാണു ഗതാഗതം നിയന്ത്രിച്ചത്. പൈപ്പിന്റെ വാൽവ് അടച്ചു വെള്ളമൊഴുക്കു നിർത്തിയ ശേഷം വാഹനങ്ങൾ കടത്തിവിട്ടു.

9 മാസം മുൻപു നിർമാണം പൂർത്തിയാക്കി, കഴിഞ്ഞ മാസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത റോഡാണു തകർന്നത്. തൃത്താല കുടിവെള്ള പദ്ധതിക്കുവേണ്ടി സ്ഥാപിച്ച അരനൂറ്റാണ്ടോളം പഴക്കമുള്ള കുടിവെള്ള പൈപ്പുകൾ റോഡിന്റെ താഴ്ഭാഗത്തുകൂടെ പോകുന്നുണ്ട്.  ഇവ മാറ്റി സ്ഥാപിക്കാതെ നടത്തിയ നവീകരണമാണു പാളിയത്. പുനർനിർമിച്ച 3.5 കിലോമീറ്റർ റോഡിന്റെ താഴെ, ഏതു നിമിഷവും തകരാവുന്ന നിലയിൽ ഇത്തരത്തിലുള്ള പൈപ്പുകൾ ഇനിയുമുണ്ട്. 

റോഡ് പണിക്കു മുൻപു കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നു ജലഅതോറിറ്റിയോടു മരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലു അതുണ്ടായില്ല. അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു കോടിക്കണക്കിനു രൂപ വെള്ളത്തിലാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. പൈപ്പ് തകർന്നതോടെ കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം, വടക്കേക്കാട് എന്നീ പഞ്ചായത്തുകളിലും കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ചില ഭാഗങ്ങളിലും കുടിവെള്ള വിതരണത്തിനു തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്. പൈപ്പ് തകർന്നതിനെക്കുറിച്ചു പ്രതികരിക്കാൻ ജലഅതോറിറ്റി ഉദ്യോഗസ്ഥർ തയാറായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com