അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ തേർവാഴ്ച

Mail This Article
അതിരപ്പിള്ളി ∙ കാട്ടാന കയറി വാഴത്തോട്ടങ്ങളിലെ ആയിരത്തിലധികം കുലച്ച വാഴകൾ നശിപ്പിച്ചു. കർഷകരായ കണ്ണിക്കുളം രവി, അലക്സ്, കോലാനിക്കൽ ജോണി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കനത്ത നാശം നേരിട്ടത്. അലക്്സിന്റെ 3 ഏക്കർ തോട്ടത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കാട്ടുവേപ്പ് തോട്ടത്തിലെ ഇടവിളക്കൃഷിയായ വാഴകളാണ് കാട്ടാനകൾ തരിപ്പണമാക്കിയത്. രവിയുടെ വാഴത്തോട്ടത്തിലും കാട്ടാനകളുടെ പരാക്രമത്തിൽ കനത്ത നാശം സംഭവിച്ചു.
തെങ്ങുകളും കവുങ്ങും ഇവയുടെ ആക്രമണത്തിൽ നിലംപതിച്ചു. ഇന്നലെ രാത്രി 11 മണിയോടെ എത്തിയ ആനകൾ രാവിലെ 8 മണിയോടെയാണ് കാട്ടിലേക്കു മടങ്ങിയത്. വനാതിർത്തികളിലെ വൈദ്യുതവേലി തകരാറിലായതാണ് വന്യമൃഗ ശല്യം വർധിക്കാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. പടക്കത്തിന്റെ ശബ്ദം കേട്ട് ഭയന്നോടിയിരുന്ന ആനകൾ ഇപ്പോൾ എത്ര ഉച്ചത്തിൽ ബഹളം കേട്ടാലും പിന്തിരിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വിളനാശം സംഭവിച്ച കൃഷിയിടങ്ങളിൽ വനപാലകർ സന്ദർശിച്ചു.