കൊമ്പൻ തൃക്കടവൂർ ശിവരാജുവിന് 8 ലക്ഷം രൂപ ഏക്കം
Mail This Article
കാട്ടകാമ്പാൽ∙ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് കൊമ്പൻ ഗജരാജ രത്നം തൃക്കടവൂർ ശിവരാജുവിനെ റെക്കോർഡ് ഏക്കത്തിന് സ്രായിൽ ദേശക്കാർ ഏൽപിച്ചു. 8,00008(എട്ടു ലക്ഷത്തി എട്ട്) രൂപയ്ക്കാണ് സ്രായിൽ ദേശക്കാർ ഇത്തവണ തൃക്കടവൂർ ശിവരാജുവിനെ ഏൽപിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും മികച്ച നാടൻ ആനയായ ശിവരാജു കേരളത്തിലെ തലയെടുപ്പുള്ള കൊമ്പൻമാരിൽ മുൻപന്തിയിലാണ്.
ഏപ്രിൽ 20ന് സ്രായിൽ ദേശത്തിനായി തൃക്കടവൂർ ശിവരാജു എഴുന്നള്ളത്തിനെത്തും. കാട്ടകാമ്പാൽ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തലയെടുപ്പുള്ള ആനകൾ എത്താറുണ്ട്. കാളി–ദാരിക സംവാദത്തിന്റെയും പ്രതീകാത്മക ദാരിക വധത്തിന്റെയും നേർച്ച കാഴ്ച അവതരിപ്പിക്കുന്നതാണ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന്റെ പ്രത്യേകത. ചതുരംഗ പടയുമായി കാളി–ദാരികർ നടത്തുന്ന യുദ്ധത്തിന് ആനകളും അണിനിരന്നിരുന്നതായാണ് വിശ്വാസം.