ADVERTISEMENT

തൃശൂർ ∙ അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി 95 വയസ്സുകാരൻ അത്തിക്കൽ ഏബ്രഹാം എന്ന കുഞ്ഞുകുഞ്ഞിന് ഒരാഗ്രഹം മാത്രമാണു ബാക്കി; താൻ വികസിപ്പിച്ചെടുത്ത തന്റെ തന്നെ പേരിലുള്ള ‘കു‍ഞ്ഞുകുഞ്ഞ്’ നെൽവിത്തിനു കാർഷിക സർവകലാശാലയുടെ അംഗീകാരം ലഭിക്കണം. എന്നാൽ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. 1965–70 കാലഘട്ടത്തിൽ ഇടുക്കി തൊടുപുഴ കരിമണ്ണൂരിൽ താമസിച്ചു കൃഷി ചെയ്യുമ്പോൾ മറ്റു നെല്ലിനങ്ങളെ പരാഗണം നടത്തിയാണ് ഏബ്രഹാം പുതിയ വിത്തു രൂപപ്പെടുത്തിയത്. 

നിറവും രുചിയുമുള്ള അരിയും മൂന്നു പൂവിലും കൃഷി ചെയ്യാൻ കഴിയുന്ന കരുത്തും പ്രതിരോധശേഷിയും തൂക്കവുമുള്ള നെൽവിത്തായിരുന്നു അത്. ഉയരം കുറഞ്ഞ നെൽച്ചെടിയായതിനാൽ മഴയിലോ കാറ്റിലോ വീണുപോകില്ലെന്ന പ്രത്യേകതയുമുണ്ടായിരുന്നു. കരിമണ്ണൂരിലെ കർഷകരെല്ലാം ആ നെല്ലിനു ഏബ്രഹാമിന്റെ വിളിപ്പേരായ ‘കുഞ്ഞുകുഞ്ഞ്’ എന്നു പേരിട്ടു. നെൽവിത്ത് പിന്നീടു പാലക്കാടൻ പാടശേഖരങ്ങളിലും മലപ്പുറത്തെ ചില ഭാഗങ്ങളിലും തൃശൂരിലും പ്രചാരത്തിലെത്തി. വിത്തു വാങ്ങി ഒട്ടേറെ കർഷകർ കൃഷിയിറക്കി.  തുടർന്നു 1984ൽ വെറ്റിലപ്പാറയിലേക്കു ഏബ്രഹാമും കുടുംബവും താമസം മാറ്റി.

ഇതിനിടെ മധ്യകേരളത്തിൽ വ്യാപകമായ കുഞ്ഞുകുഞ്ഞു വിത്തിൽ നിന്നു ഗവേഷണത്തിലൂടെ വേർതിരിച്ചെടുത്ത കുഞ്ഞുകുഞ്ഞു വർണ, കുഞ്ഞുകുഞ്ഞ് പ്രിയ എന്നീ വിത്തുകൾ 2002ൽ കാർഷിക സർവകലാശാല പുറത്തിറക്കി. എന്നാൽ അതിനും മൂന്നര പതിറ്റാണ്ടു മുൻപു ഏബ്രഹാം രൂപപ്പെടുത്തിയ അസ്സൽ ‘കുഞ്ഞുകുഞ്ഞു’ വിത്തിനെ മാത്രം അംഗീകരിച്ചില്ല. തുടർന്നു 2015ൽ വിത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനു ഏബ്രഹാം കാർഷിക സർവകലാശാലയെ സമീപിച്ചു. 

 ഇതിനായി കരിമണ്ണൂരിലെ മുപ്പതോളം കർഷകരുടെ സാക്ഷ്യപത്രവും സമർപ്പിച്ചു. എന്നിട്ടും അംഗീകാരം ലഭിച്ചില്ല. പിന്നീടു വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ കുഞ്ഞുകുഞ്ഞു നെൽവിത്ത് സർവകലാശാലയിലെ തന്നെ ഉദ്യോഗസ്ഥയുടെ പേരിൽ രേഖപ്പെടുത്തിയതായി മറുപടി ലഭിച്ചു. വിത്തുകൾക്കും കാർഷികോൽപന്നങ്ങൾക്കും അംഗീകാരം കൊടുക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥയുടെ പേരിലായിരുന്നു വിത്ത്. ചതി പറ്റിയെന്നു തിരിച്ചറിഞ്ഞ ഏബ്രഹാമും കുടുംബവും തുടർ പരാതികൾ കൃഷി വകുപ്പിനും നവകേരള സദസ്സിലും നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. 

സർവകലാശാലയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥയുടെ പേരിൽ നിന്നു വിത്തിന്റെ അവകാശം തിരിച്ചെടുത്ത്, വിഷയത്തിൽ സർവകലാശാല ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണു കുഞ്ഞുകുഞ്ഞ് ആവശ്യപ്പെടുന്നത്. കൃഷി വകുപ്പിൽ പരാതി നൽകിയതിനെ തുടർന്നു വിഷയത്തിൽ അന്വേഷണം നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ 2022–ൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ഡോ.ബി. അശോക് നിർദേശിച്ചിരുന്നു. 

കൃഷി വകുപ്പ് ഡയറക്ടർക്കു ഇതു സംബന്ധിച്ചു കത്തും നൽകി. എന്നാൽ 22 മാസമായിട്ടും ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. സർവകലാശാലയ്ക്കു പുറത്തുള്ള മുതിർന്ന കൃഷി ശാസ്ത്രജ്ഞരെയോ വിരമിച്ച ശാസ്ത്രജ്ഞരെയോ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നാണു നിർദേശിച്ചിരുന്നത്. എന്നാൽ ഇതുവരെയും അന്വേഷണം നടന്നിട്ടില്ലെന്നു കുഞ്ഞുകുഞ്ഞിന്റെ മകളുടെ ഭർത്താവ് കെ.പി.കുര്യൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com