ഈ മാല എനിക്ക് തരോ..? മാല പൊട്ടിക്കും മുൻപ് അനുവാദം ചോദിച്ച് മോഷ്ടാവ്, അറസ്റ്റിൽ

Mail This Article
കൊരട്ടി ∙ ഈ മാല എനിക്ക് തരോ..? പുലർച്ചെ ക്ഷേത്ര ദർശനത്തിനു പോയി മടങ്ങുകയായിരുന്ന വയോധികയുടെ അരികിലെത്തി അനുവാദം ചോദിച്ച കള്ളൻ രണ്ടര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്തു വയോധികയെ തള്ളി താഴെയിട്ടു കടന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പൊലീസ് പൊക്കി.
കൂവക്കാട്ടുകുന്ന് സ്വദേശി കൈതാരൻ ജോഷിയെയാണ് (41) അറസ്റ്റ് ചെയ്തത്. 21നു മേലൂരിലാണു സംഭവം. മുരിങ്ങൂരിനടുത്തു വാഹന മെക്കാനിക് ജോലി ചെയ്യുന്നയാളാണു ജോഷി. പുലർച്ചെ ബൈക്കിൽ സഞ്ചരിച്ച് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി ഒറ്റയ്ക്കു പോകുന്ന വയോധികരായ സ്ത്രീകളെ ലക്ഷ്യമിട്ടു മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.
കൊടകരയിലെ സ്വകാര്യ സ്ഥാപനത്തിൽ മാല പണയം വച്ച ഇയാൾ പിറ്റേദിവസം അത് ജ്വല്ലറിയിൽ വിൽപന നടത്തിയെന്നു പൊലീസിനെ അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ആർ.അശോകൻ, കൊരട്ടി എസ്എച്ച്ഒ എൻ.എ.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്ഐമാരായ കെ.മുഹമ്മദ് ഷിഹാബ്, വി.ജി.സ്റ്റീഫൻ, സി.പി.ഷിബു, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ് , എഎസ്ഐമാരായ പി.എം.മൂസ, വി.യു.സിൽജോ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.യു.റെജി, എം.ജെ. ബിനു, ഷിജോ തോമസ്, പി.കെ.സജീഷ്കുമാർ, ജിബിൻ വർഗീസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.