കാരൂർചിറ സംരക്ഷണം തേടുന്നു, എങ്ങുമെത്താതെ പ്രവർത്തനങ്ങൾ; ചിറ ഉഷാറായാൽ സാധ്യമാകുക സമഗ്ര വികസനം

Mail This Article
കാരൂർ ∙ ആളൂരിലെ ജലപ്പത്തായങ്ങളിലൊന്നാണു കാരൂർചിറ. നാലും അഞ്ചും വാർഡുകളിലേക്കാവശ്യമായ ശുദ്ധജലം സംഭരിക്കുന്നത് ഇവിടെയാണ്. മുൻപെല്ലാം കൊച്ചുപലകകൾ നിരത്തി കൈതോല വച്ചു കെട്ടി മണ്ണിട്ടാണ് ചിറകെട്ടി വെള്ളം സംഭരിച്ചിരുന്നത്. ചിറയുടെ താഴെ ഭാഗത്തു ചിറയിലെ വെള്ളത്തെ മാത്രം ആശ്രയിച്ച് 900 പറ നിലത്തിൽ മുണ്ടകനും പുഞ്ചയും കൃഷിയിറക്കിയിരുന്നു. കൂടാതെ ചിറയിൽ 350 പറ നിലത്തിൽ വിരിപ്പും മുണ്ടകനും കൃഷിയിറക്കിയിരുന്നു. പിന്നീട് കൃഷി കുറഞ്ഞ സാഹചര്യത്തിൽ രണ്ടു സ്ഥലത്തും മുണ്ടകൻ മാത്രമായി ചുരുങ്ങി.
ചിറയിൽ വെള്ളം സംഭരിക്കാതിരുന്നാൽ കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റുകയും ജാതി,വാഴ, തെങ്ങ് തുടങ്ങിയവ ഉണങ്ങി നശിക്കുകയും ചെയ്യും. പഞ്ചായത്ത് കാരൂർ ചിറ കെട്ടാതിരുന്ന വർഷം ജനങ്ങൾ ജലവിഭവ വകുപ്പിനെതിരെയും പഞ്ചായത്തിനെതിരെയും പ്രതിഷേധപ്രകടനങ്ങളും സമരങ്ങളും ശക്തമാക്കിയതിനെ തുടർന്ന് മഴക്കാലത്തും ചിറ കെട്ടിയിരുന്നു. 2018ലെ പ്രളയത്തിൽ ചിറകവിഞ്ഞ് ബണ്ട് റോഡ് തകർന്നു.
വെള്ളം നിയന്ത്രിച്ചു വിടുന്ന ചീർപ്പും റോഡും നിർമിക്കുന്നതിനായി കരാർ നൽകിയെങ്കിലും നിർമാണം പാതിവഴിയിൽ നിർത്തിവച്ചു. ചിറ സംരക്ഷിക്കുന്നതോടെ വെള്ളാഞ്ചിറ, കാരൂർ, അണ്ണല്ലൂർ, കുഴിക്കാട്ടുശേരി പ്രദേശങ്ങളിലും പ്രയോജനം ലഭിക്കും. നാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതു വഴി ഉൾനാടൻ മത്സ്യതൊഴിലാളികൾക്ക് വരുമാനവും ലഭിക്കും. ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്ന ഇവിടെ പ്രാദേശിക ടൂറിസം വികസിപ്പിച്ച് വരുമാനം കണ്ടെത്താനും ചിറയെ സൗന്ദര്യവൽക്കരിക്കാനും പഞ്ചായത്ത് തയാറാവണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.