ADVERTISEMENT

വോട്ടുപെട്ടിയെയും ബാലറ്റ് പേപ്പറിനെയും മൂലയ്ക്കിരുത്തിയ ഇന്ത്യയിലെ മൂന്നാം തിരഞ്ഞെടുപ്പു പരിഷ്കരണമാണ് വോട്ടിങ് യന്ത്രം. മിക്ക വികസിത രാജ്യങ്ങളും പഴഞ്ചൻ യന്ത്രങ്ങളും ബാലറ്റും പിന്തുടരുമ്പോഴാണ് ലോകത്തെ ഏറ്റവും വിപുലമായ തിരഞ്ഞെടുപ്പു പ്രക്രിയയുള്ള ഇന്ത്യ, ഇലക്ട്രോണിക്  വോട്ടിങ് മെഷീൻ (ഇവിഎം)വഴി ആധുനിക  സമ്പ്രദായത്തിലേക്ക് വഴിമാറിയത്. 

1982 ൽ കേരളത്തിലെ പറവൂരിൽ വോട്ടിങ് യന്ത്രം പരീക്ഷിച്ചെങ്കിലും 1998 മുതലാണ് രാജ്യത്ത് ഇതു നടപ്പാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി തുടങ്ങിയത്. 1999 ൽ ഗോവയിലാണ് ഒരു സംസ്ഥാനത്താകെ യന്ത്രത്തിൽ വോട്ടിങ് നടത്തിയത് 

തുടക്കം ലിവർ മെഷീനിൽ
ലോകത്ത് ആദ്യമായി വോട്ടിങ്ങിന് യന്ത്രം ഏർപ്പെടുത്തിയത് 1892 ൽ ന്യൂയോർക്ക് നഗരത്തിലാണ്. ‘മെക്കാനിക്കൽ ലിവർ മെഷീൻ‘ ആണ്  അന്ന് ഉപയോഗിച്ചത്.വോട്ടർക്ക് ഇഷ്‌ടമുള്ള സ്‌ഥാനാർഥിയുടെ പേരിന്റെ നേരെയുള്ള ലിവർ അമർത്തിയായിരുന്നു വോട്ടിങ്. 1964 ൽ അമേരിക്കയിൽ പഞ്ച്‌ കാർഡ് സമ്പ്രദായം നിലവിൽ വന്നു. വോട്ടർമാർ കാർഡിൽ സ്‌ഥാനാർഥിയുടെ പേരിനു നേരെയുള്ള വൃത്തം മെഷീനിൽ കാണിച്ച് പഞ്ച് ചെയ്‌ത ശേഷം ബാലറ്റ് പെട്ടിയിൽ ഇടുന്ന രീതിയായിരുന്നു ഇത്. അതിനിടയിൽ വന്ന ഇന്റർനെറ്റ് വോട്ടിങ്  പൊതുതിരഞ്ഞെടുപ്പുകൾക്ക് പറ്റിയ സമ്പ്രദായമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ ഇപ്പോൾ ഉപയോഗിക്കുന്ന  മെഷീനുകൾ പൊതുവേ കുറ്റമറ്റതായി കണ്ടതിനാലും വോട്ടിങ് കേന്ദ്രത്തിൽനിന്നു കൗണ്ടിങ് സ്‌റ്റേഷനിൽ കൊണ്ടുപോയി എണ്ണാമെന്നതിനാലും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഏറെ ഗവേഷണങ്ങൾക്കുശേഷം നമ്മുടെ തന്നെ സാങ്കേതിക വിദഗ്ധർ വികസിപ്പിച്ചെടുത്തതാണ് ഈ യന്ത്രങ്ങൾ. ഇലക്‌ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ, ബെംഗളൂരിലെ ഭാരത് ഇലക്‌ട്രോണിക്‌സ്  എന്നീ സ്‌ഥാപനങ്ങളാണ്  യന്ത്രം വികസിപ്പിച്ചതും നിർമിക്കുന്നതും


വോട്ടിങ് ഇങ്ങനെ 
യന്ത്രങ്ങളിൽ  സജ്‌ജീകരിച്ച ബാലറ്റിൽ തങ്ങളുടെ സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേരെ ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്തുന്നതാണ് രീതി. വോട്ടെടുപ്പന്റെ ഒരാഴ്ച മുൻപു തന്നെ യന്ത്രങ്ങളിൽ ബാലറ്റ് പിടിപ്പിക്കും. ഓരോ മണ്ഡലത്തിലെയും യന്ത്രങ്ങളിൽ നിശ്‌ചിത കേന്ദ്രങ്ങളിൽ സ്‌ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ ബാലറ്റ് സജ്‌ജീകരിക്കും. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവ അടങ്ങുന്നതാണ് വോട്ടിങ് യൂണിറ്റ്. ഒരു മെഷീനിൽ 16 സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉൾപ്പെടുത്താനാണ് സൗകര്യമുള്ളത്. 16 ൽ കൂടുതൽ വരുന്ന പക്ഷം കൂടുതൽ മെഷീനുകൾ ഏർപ്പെടുത്തും.

അസാധു ഇല്ലാതായി എന്നതാണ് ഇവിഎമ്മിന്റെ പ്രത്യേകത. വോട്ടെടുപ്പ് തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് ബൂത്തുകളിൽ ഏജന്റുമാരുടെ സാന്നിധ്യത്തിൽ യന്ത്രം പരിശോധിക്കും.  മോക് വോട്ടിങ് നടത്തി  യന്ത്രത്തിന്റെ  കാര്യക്ഷമത ഉറപ്പാക്കും. മോക്ക് പോളിനുശേഷം യന്ത്രം ഓഫാക്കും. ഒപ്പിട്ട  കടലാസ് മുദ്ര റിസൽറ്റ് സെക്​ഷന്റെ ഉൾഭാഗത്തെ കവാടത്തിൽ ഉറപ്പിക്കും. ഉൾഭാഗം മുദ്രവച്ചശേഷമാണ് യന്ത്രം ഓൺ ചെയ്യുക. ബാലറ്റ് സെക്​ഷനിലെ ‘ടോട്ടൽ’ ബട്ടൺ അമർത്തുമ്പോൾ ആകെ ചെയ്‌ത വോട്ടുകൾ ‘പൂജ്യം’ എന്ന് തെളിഞ്ഞുവന്നാൽ യന്ത്രം മുൻപ് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്‌തം.

തുടർന്ന് കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തിയാൽ ബാലറ്റ് യൂണിറ്റ് പ്രവർത്തനസജ്‌ജമാകും. പ്രിസൈഡിങ് ഓഫിസർക്കാണ് കൺട്രോൾ യൂണിറ്റിന്റെ ചുമതല. ഒരാൾ വോട്ടു ചെയ്ത ശേഷം പ്രിസൈഡിങ് ഓഫിസർ മെഷീൻ സജ്ജമാക്കിയാൽ മാത്രമേ അടുത്തയാൾക്ക് വോട്ടു ചെയ്യാനാവൂ. എന്നതാണ് വോട്ടിങ് മെഷീന്റെ പ്രത്യേകത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com