ആനക്കയം ആന! ആനമല പാതയിൽ കാട്ടാന കാർ തകർത്തു

Mail This Article
അതിരപ്പിള്ളി ∙ ആനമല പാതയിൽ കാട്ടാന കാറിന്റെ മുൻഭാഗം തകർത്തു. വെള്ളി ഉച്ചയ്ക്ക് ഒന്നരയോടെ ആനക്കയം ഫോറസ്റ്റ് സ്റ്റേഷനു സമീപം സാമിപ്പോക്കറ്റ് ഭാഗത്തായിരുന്നു സംഭവം. ചാലക്കുടിയിൽനിന്നു വാൽപ്പാറയിലേക്കു പോകുകയായിരുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിന്റെ മുൻപിലെ ഗ്ലാസ് തകർന്ന് ബോഡി ഉള്ളിലേക്കു ഞെരിഞ്ഞമർന്നു. സീറ്റ് പിറകിലേക്കു നീക്കിയതിനാൽ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കുട്ടിയാനയും ഒപ്പമുണ്ടായിരുന്നു. അതേസമയം എതിൽദിശയിൽ നിന്നെത്തിയ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരുന്നു.
ആന വളവിൽ നിന്നിരുന്നതിനാൽ ഡ്രൈവർക്ക് കാണാനാകാതെ കാർ മുന്നിലകപ്പെടുകയായിരുന്നു. പിറകോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമണത്തിനു ശേഷം കുറച്ചുനേരം അവിടെത്തന്നെ നിന്ന ആന മറ്റുവാഹനങ്ങളിലെ എൻജിന്റെ ഇരമ്പൽ കേട്ടതോടെ കാട്ടിലേക്കു കയറി. ഇവിടെ അന്നേദിവസം രാവിലെ ആനയുടെ മുന്നിലകപ്പെട്ട വാഹനങ്ങൾ പിന്നോട്ടെടുക്കുമ്പോൾ കൂട്ടിമുട്ടിയിരുന്നു. ആനത്താരകളിലായിരുന്നു 2 അപകടങ്ങളും. വിനോദ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിൽ വനം വകുപ്പ് പട്രോളിങ് ശക്തമാക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അന്നുണ്ടായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.