കൊരട്ടിയിലും ചാലക്കുടിയിലും ദേശീയപാതയോരത്ത് തീ

Mail This Article
കൊരട്ടി ∙ ദേശീയപാതയിൽ കൊരട്ടിയിലും ചാലക്കുടിയിലും മാലിന്യവും ഉണക്കപ്പുല്ലും കത്തി. അഗ്നിശമന സേന എത്തി തീയണച്ചു. കൊരട്ടിയിൽ ജെടിഎസ് ജംക്‌ഷനു സമീപത്തെ പറമ്പിലെ പുല്ലിനാണ് തീപിടിച്ചത്. തുടർന്നു ദേശീയ പാതയുടെ അരികിൽ കിടന്നിരുന്ന ചപ്പുചവറുകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. ഇതോടെ ദേശീയപാത മുഴുവൻ പുക നിറഞ്ഞു.ചാലക്കുടി അഗ്നിരക്ഷാ നിലയത്തിൽ നിന്നെത്തിയ സേനാംഗങ്ങൾ വെള്ളം പമ്പു ചെയ്തു തീ അണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സി. രമേശ്കുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഡ്രൈവർ ടി.എസ്.അജയൻ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി.ജയകൃഷ്ണൻ, പി. സന്ദീപ്, രോഹിത് കെ.ഉത്തമൻ, ഹോം ഗാർഡ് പി.ടി.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണു തീ അണച്ചത്. ചാലക്കുടിയിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപം സർവീസ് റോഡരികിലെ പുല്ലിനും മാലിന്യത്തിനും തീ പിടിക്കുകയായിരുന്നു. തൊട്ടടുത്തു പാർക്ക് ചെയ്തിരുന്ന ടാങ്കർ ലോറിയിലേയ്ക്കു പടരും മുൻപേ തീ അണയ്ക്കാനായി.