ADVERTISEMENT

മുരിങ്ങൂർ ∙ ദേശീയപാതയിലെ സിഗ്നൽ ജംക്‌ഷനുകൾ ഒഴിവാക്കാനായി കോടികൾ ചെലവിട്ടു നിർമിക്കാൻ അനുമതിയായ അടിപ്പാതയ്ക്കെതിരെ പ്രാദേശിക എതിർപ്പുകൾ ശക്തം. ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട അടിപ്പാത മുരിങ്ങൂർ ജംക്‌ഷനെ രണ്ടായി കീറി മുറിക്കുമെന്നതാണു പ്രധാന പരാതി. തൊട്ടടുത്ത് ഡിവൈൻ ജംക്‌ഷനിലെ മറ്റൊരു അടിപ്പാതയും മുരിങ്ങൂരിലുണ്ട്. അതിന്റെ അപ്രോച്ച് റോഡ് അവസാനിക്കുന്ന ഭാഗത്തു നിന്ന് നിർദിഷ്ട അടിപ്പാതയുടെ അപ്രോച്ച് റോഡ് ആരംഭിക്കേണ്ടി വരും.

മറു ഭാഗത്ത് കോട്ടമുറിയിലാകും അപ്രോച്ച് റോഡ് അവസാനിക്കുക. 2 അടിപ്പാതകളും മേലൂർ പഞ്ചായത്ത് പ്രദേശത്താണ്.  ദേശീയപാതയിൽ സിഗ്നൽ ജംക്‌ഷനിൽ നിന്നാണ് മേലൂർ റോഡ് ആരംഭിക്കുന്നത്. അടിപ്പാത ഒഴിവാക്കി ഇവിടെ മേൽപാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയിരുന്നു. സർവകക്ഷി യോഗം വിളിച്ചു ചേർത്ത് അടിപ്പാത മേലൂരിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി. 

മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് നവീകരണം പൂർത്തിയാകുന്നതോടെ മേലൂരിൽ കൂടുതൽ വികസന സാധ്യതകൾ ഉറവെടുക്കുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് അടിപ്പാത അനുവദിച്ചതായി പ്രഖ്യാപനമെത്തുന്നത്. ചാലക്കുടിപ്പുഴയ്ക്കു കുറുകെ കുന്നപ്പിള്ളി-പരിയാരം കാഞ്ഞിരപ്പിള്ളി പ്രദേശങ്ങളെ ബന്ധിപ്പിച്ചു പുതിയ പാലത്തിന് അനുമതിയായിട്ടുണ്ട്. ഇതും പഞ്ചായത്ത് പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടും.

അതിരപ്പിള്ളി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു ചാലക്കുടി ടൗണിന്റെ തിരക്ക് ഒഴിവാക്കി പോകാവുന്ന പ്രധാന റോഡായി മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് മാറുകയും ചെയ്യും. എന്നാൽ അടിപ്പാത വരുന്നതോടെ, ദേശീയപാതയിലൂടെയുള്ള ദീർഘദൂര യാത്രികർക്ക് സിഗ്നൽ കാത്തു കിടക്കാതെ പോകാമെന്നാലും പ്രദേശവാസികൾക്കു ദുരിതമാകും. ഇക്കാര്യമുന്നയിച്ച് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com